ആലപ്പുഴ റെയിൽപാത; ലൂപ്പ് ലൈനുകളിലെ വേഗം ഉയർത്താൻ ശുപാർശ

കൊച്ചി∙ എറണാകുളം – കായംകുളം (ആലപ്പുഴ വഴി) റെയിൽപാതയിലെ ലൂപ്പ് ലൈനുകളിലെ വേഗപരിധി 15ൽ നിന്നു 30 കിലോമീറ്ററായി ഉയർത്താനുളള ശുപാർശ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ, റെയിൽവേ മുഖ്യസുരക്ഷാ കമ്മിഷണർക്കു സമർപ്പിച്ചു. പ്രധാനപാതയിൽ (മെയിൻ ലൈൻ) നിന്നു തിരിഞ്ഞു പോകുന്ന പാതകളാണു ലൂപ്പ് ലൈനുകൾ. 

മെയിൻലൈൻ പ്ലാറ്റ്ഫോം ഇല്ലാത്ത സ്റ്റേഷനുകളിൽ ലൂപ്പ് ലൈനുകളിലെ വേഗം കൂട്ടുന്നതു ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കും. ലൂപ്പ് ലൈൻ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയെടുക്കാൻ ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വേണമെങ്കിൽ വേഗം കൂട്ടുന്നതോടെ ഇതിനു 5 മിനിറ്റിൽ താഴെ സമയം മതിയാകും. ലൂപ്പ് ലൈനുകളിൽ വേഗം കൂട്ടുന്നതിനു മുന്നോടിയായി ഭാരം കൂടിയ ഗുഡ്സ് ട്രെയിൻ ഉപയോഗിച്ചുളള പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി. എറണാകുളം– കായംകുളം (ആലപ്പുഴ വഴി) പാതയ്ക്കു പുറമേ തിരുനെൽവേലി– തിരുവനന്തപുരം പാതയിലും ലൂപ്പ് വേഗം വർധിപ്പിക്കുന്നുണ്ട്. 

ലൂപ്പിലെ വേഗം കൂട്ടുന്നതോടെ സ്റ്റോപ്പുകളുടെ എണ്ണം അനുസരിച്ച് ട്രെയിനുകളുടെ യാത്രാസമയത്തിൽ അരമണിക്കൂർ വരെ ലാഭമുണ്ടാകും. എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന പാസഞ്ചർ ട്രെയിനുകളുടെ ഓട്ടത്തിലാകും കാര്യമായ സമയലാഭമുണ്ടാകുക. വൈകിയോട്ടം കുറയ്ക്കാനുളള നടപടികളുടെ ഭാഗമായാണ് ലൂപ്പിലെ വേഗം കൂട്ടൽ. 

ഡിവിഷനിലെ 20 ട്രെയിനുകൾക്കു പെട്ടെന്നു വേഗം കൈവരിക്കാന്‍ കഴിയുന്ന ഡബ്യുഎപി 7 എന്ന ആധുനിക എഞ്ചിനുകളും നൽകി. കുറുപ്പന്തറ–ഏറ്റുമാനൂർ രണ്ടാം പാത മാർച്ചിൽ തുറക്കുന്നതോടെ കോട്ടയം വഴിയുളള ട്രെയിനുകളുടെ ഓട്ടം കൂടുതൽ മെച്ചപ്പെടും. പഴയ പാളങ്ങൾ മാറ്റുന്ന ജോലി 60 ശതമാനം പൂർത്തിയായി. പാതകളിലെ വേഗനിയന്ത്രണ‌ം കുറയ്ക്കാനുളള നടപടിയും ആരംഭിച്ചു. 

വണ്ടികളുടെ സമയകൃത്യത കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 40 ശതമാനത്തില്‍ താഴെയായിരുന്നെങ്കിൽ ഇപ്പോള്‍ 65 ശതമാനമായി ഉയര്‍നനെന്നും അധികൃതര്‍ അറിയിച്ചു. 6 മാസത്തിനുളളില്‍ കൂടുതൽ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നു.