ശബരിമല: തയാറാക്കിയത് തട്ടിക്കൂട്ടു പട്ടിക

തിരുവനന്തപുരം ∙ 51 യുവതികൾ ശബരിമല കയറിയെന്നു സ്ഥാപിക്കാൻ പൊലീസ് തയാറാക്കിയതു തട്ടിക്കൂട്ടു പട്ടിക. പിഴവുണ്ടാകാമെന്നു കൈമാറുമ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. എന്നാൽ, സുപ്രീം കോടതിയിൽ ഹാജരാക്കേണ്ട രേഖയുടെ ആധികാരികത പരിശോധിക്കാൻ ആരും തയാറായില്ലെന്നത് സർക്കാരിന്റെ അലംഭാവത്തിനു തെളിവായി. പട്ടികയിൽ കടന്നുകൂടിയ പുരുഷന്മാരെ ഒറ്റനോട്ടത്തിൽ തന്നെ കണ്ടെത്താമായിരുന്നെങ്കിലും പരിശോധനയ്ക്കു പൊലീസോ അഭിഭാഷകരോ തയാറാകാതിരുന്നത് സർക്കാരിനെ നാണക്കേടിലാക്കി. 

ഓൺലൈനായി റജിസ്റ്റർ ചെയ്ത് ദർശനത്തിനെത്തിയവരുടെ പട്ടികയിൽ നിന്നാണ് 51 ‘യുവതി’കളെ പൊലീസ് കണ്ടെത്തിയത്. റജിസ്റ്റർ ചെയ്ത ശേഷം പാസുമായി ശബരിമലയിലെത്തി ബാർ കോഡ് സ്കാൻ ചെയ്തവരുടെ പട്ടികയെ ഇതിനായി ആശ്രയിച്ചു. സ്കാൻ ചെയ്തുകഴിഞ്ഞതിനാൽ ഇവർ മലകയറിയെന്ന് ഉറപ്പിച്ച പൊലീസ് പക്ഷേ, വെബ്സൈറ്റിൽ നൽകിയ വിശദാംശങ്ങൾ വസ്തുതാപരമാണോ എന്നു പരിശോധിക്കാൻ മിനക്കെട്ടില്ല. 

റജിസ്റ്റർ ചെയ്യുമ്പോൾ തീർഥാടകർ തന്നെയാണു പ്രായം രേഖപ്പെടുത്തേണ്ടത്. തിരിച്ചറിയൽ‌ രേഖയുടെ നമ്പരും നൽകണം. എന്നാൽ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യേണ്ടതില്ല. പലരും രേഖപ്പെടുത്തിയതാകട്ടെ തിരിച്ചറിയൽ കാർഡിലുള്ളതിൽ നിന്നു വ്യത്യസ്തമായ വിവരങ്ങളാണ്. എന്നാൽ 51 പേരെ ഫോണിൽ വിളിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ പൊലീസിനാകുമായിരുന്നു. ദിവസങ്ങൾ ലഭിച്ചിട്ടും പൊലീസിനു കഴിയാത്തത് മാധ്യമങ്ങൾ ഒറ്റ ദിവസം കൊണ്ടു ചെയ്തു. 

കണക്കെടുപ്പ് ഉപേക്ഷിച്ച് ദേവസ്വം ബോർഡ് 

തിരുവനന്തപുരം ∙ സുപ്രീം കോടതി വിധിക്കു ശേഷം സന്നിധാനത്ത് എത്തിയ 50 വയസ്സിൽ താഴെയുള്ള സ്ത്രീകളുടെ കണക്കെടുക്കാൻ ദേവസ്വം ബോർഡ് മുൻപ് ആരംഭിച്ചിരുന്ന നീക്കം സർക്കാർ തന്നെ ഇതു ചെയ്യുന്ന സാഹചര്യത്തിൽ വേണ്ടെന്നുവച്ചു. ഇപ്പോഴത്തെ വിവാദത്തിന്റെ ഉത്തരവാദിത്തം പാടേ സർക്കാരിൽ ചാരി മാറി നിൽക്കാനാണു ബോർഡിന്റെ തീരുമാനം. 

സുപ്രീം കോടതിയിൽ നൽകിയ കണക്കിനെക്കുറിച്ചു സർക്കാരിനും പൊലീസിനും മാത്രമേ അറിയൂ എന്നും തങ്ങൾക്കു യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞത് ഇതിനു തെളിവാണ്. വിവാദപ്പിറ്റേന്നു മാത്രമാണു പത്മകുമാറിന്റെ പ്രതികരണമെന്നതും ശ്രദ്ധേയം.