സിഎംപിയിലെ ഭൂരിപക്ഷവും സിപിഎമ്മിൽ ലയിക്കുന്നതിന് എതിര്: എം.വി.രാജേഷ്

കോഴിക്കോട് ∙ സിഎംപിയുടെ 9ാം പാർട്ടി കോൺഗ്രസ് തീരുമാനത്തിനെതിരാണു ചില നേതാക്കളുടെ പിന്തുണയോടെ സിപിഎമ്മിൽ ലയിക്കാനുള്ള നീക്കമെന്ന് എം.വി.രാഘവന്റെ മകൻ എം.വി.രാജേഷിന്റെ നേതൃത്വത്തിലുള്ള വിഭാഗം. ഭൂരിപക്ഷം പാർട്ടി അംഗങ്ങളും സിപിഎമ്മിൽ ലയിക്കുന്നതിന് എതിരാണെന്നു സിഎംപി സംസ്ഥാന ജന. സെക്രട്ടറി എം.വി.രാജേഷ് പറഞ്ഞു.

എംവിആർ കെട്ടിപ്പടുത്ത പാർട്ടിയുടെ അന്തസ്സത്ത നിലനിർത്തിക്കൊണ്ട് സിഎംപി മുന്നോട്ടുപോകും. ഇപ്പോൾ ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവർത്തിച്ചുവരികയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഇടതു സ്ഥാനാർഥികൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി എം.കെ.കണ്ണന്റെ നേതൃത്വത്തിലുള്ള വിഭാഗമാണു സിപിഎമ്മിൽ ലയിക്കാൻ പോകുന്നത്.

ലയന സമ്മേളനം കൊല്ലത്തു നടത്താനും തീരുമാനിച്ചിട്ടുണ്ട്. സിഎംപി ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപിച്ച എം.വി.രാജേഷിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കിയതായും കഴിഞ്ഞയാഴ്ച കോഴിക്കോട്ടു ചേർന്ന സംസ്ഥാന കമ്മിറ്റിക്കുശേഷം കണ്ണൻ അറിയിച്ചിരുന്നു.