ബിജെപി ഉപവാസസമരം അവസാനിപ്പിച്ചു

തിരുവനന്തപുരം ∙ ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി 49 ദിവസമായി നടത്തിവന്ന ഉപവാസസമരം അവസാനിപ്പിച്ചു. ഉപവാസമനുഷ്ഠിച്ചിരുന്ന ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനു ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, അയ്യപ്പൻപിള്ള എന്നിവർ ചേർന്നു നാരങ്ങാനീരു നൽകി. ശബരിമല സംരക്ഷണ യജ്ഞം ആറാംഘട്ടത്തിലേക്കു നീങ്ങുകയാണെന്നും പ്രക്ഷോഭം തുടരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

വിവിധയിടങ്ങളിൽ ഉപവാസ സമരങ്ങൾ‍ തുടരും. താഴെത്തട്ടിൽ ഭവനസന്ദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിശ്വാസ സംരക്ഷണത്തിനായുള്ള സമരം ഡിസംബർ മൂന്നിനാണു ബിജെപി ശബരിമലയിൽ നിന്നുസെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ ഉപവാസ സമരത്തിനു തുടക്കമിട്ടു. പിന്നീടു സി.കെ. പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, എൻ.ശിവരാജൻ. പി.എം.വേലായുധൻ, വി.ടി. രമ എന്നിവർ നേതൃത്വം ഏറ്റെടുത്തു.

അതേസമയം പ്രമുഖ നേതാക്കളായ വി.മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരുടെ അസാന്നിധ്യം സമരം അവസാനിച്ച ദിവസവും ചർച്ചയായി. സന്നിധാനത്തു ഭക്തയെ ആക്രമിച്ച കേസിൽപ്പെട്ട് സുരേന്ദ്രൻ ജയിലിലായപ്പോൾ നേതൃത്വം തിരിഞ്ഞുനോക്കിയില്ലെന്നു മുരളീധരപക്ഷം ആരോപിച്ചിരുന്നു.