സാമ്പത്തിക സംവരണത്തിൽ പാർട്ടികളുടെ ഒന്നിക്കൽ കെണി: എൻ.എസ്.മാധവൻ

കണ്ണൂർ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുണ്ടായാൽ നാശത്തിന്റെ വൻകുഴിയിലേക്കു രാജ്യം വീഴുമെന്ന് എഴുത്തുകാരൻ എൻ.എസ്.മാധവൻ. പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക സംവരണം ഭരണഘടനയ്ക്ക് എതിരാണ്. സംവരണം ദാരിദ്ര്യനിർമാർജന പരിപാടിയല്ല. ഇതിന് അനുകൂലമായി മുസ്‌ലിം പാർട്ടികൾ ഒഴികെ എല്ലാ പാർട്ടികളും അണിചേരുന്നതു ഫാഷിസത്തിന്റെ സമർഥമായ കെണിയാണ്. ലോകത്തൊരു ജനതയ്ക്കും ഫാഷിസത്തെ പ്രതിരോധിക്കാൻ സാധിച്ചിട്ടില്ല. യുദ്ധങ്ങളിലൂടെ മാത്രമേ ഫാഷിസം തകർന്നിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല യുവതീപ്രവേശ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയത് ആചാരവും വിശ്വാസവുമല്ല, യുവതികൾ പ്രവേശിക്കരുതെന്ന 1991ലെ ഹൈക്കോടതി വിധിയാണ്. 1991നു മുൻപ് ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനു തെളിവുകളുണ്ട് –എൻ.എസ്.മാധവൻ പറഞ്ഞു.