പേരാമ്പ്ര സംഭവം: കലാപത്തിനാണ് സർക്കാരിന്റെ ഒത്താശയെന്ന് രമേശ്

തിരുവനന്തപുരം∙ പേരാമ്പ്ര ജുമാമസ്ജിദിനു നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളായ സിപിഎമ്മുകാരെ എഫ്ഐആർ തിരുത്തി രക്ഷിക്കുകയും സംഭവത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും ചെയ്ത സർക്കാർ നാട്ടിൽ കലാപത്തിന് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നൽകി. കഴിഞ്ഞ ദിവസം ചെന്നിത്തല പേരാമ്പ്ര സന്ദർശിച്ചിരുന്നു.

പേരാമ്പ്രയിലെ സർക്കാർ നീക്കം ഞെട്ടിക്കുന്നതും നിയമവാഴ്ച തകർക്കുന്നതുമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. മസ്ജിദിനു നേരെ കല്ലെറിഞ്ഞതു കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്നാണ് എഫ്ഐആറിൽ. അതിന്റെ പേരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ഇ.പി. ജയരാജനും ഇടപെട്ടതിനെ തുടർന്ന് എഫ്ഐആറിൽ മാറ്റം വരുത്തി. അങ്ങനെയാണു ബ്രാഞ്ച് സെക്രട്ടറിക്കു ജാമ്യം കിട്ടിയത്. ഇതു നഗ്‌നമായ അധികാര ദുർവിനിയോഗമാണെന്നും ചെന്നിത്തല പറഞ്ഞു