അയ്യപ്പ ഭക്തസംഗമം സവർണ കൂട്ടായ്മയെന്ന് വെള്ളാപ്പള്ളി

ഏറ്റുമാനൂർ ∙ തിരുവനന്തപുരത്തെ അയ്യപ്പ ഭക്തസംഗമം സവർണ കൂട്ടായ്മയായെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി ശാഖയുടെ ഗുരുദേവക്ഷേത്രം സമർപ്പിക്കാനെത്തിയതായിരുന്നു വെള്ളാപ്പള്ളി. പിന്ന‌ാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഭക്ത സംഗമത്തിൽ ഉണ്ടായിരുന്നില്ല. സംഘാടകർ ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നതു മഹാഭാഗ്യമായി കരുതുന്നു. പങ്കെടുത്തിരുന്നങ്കിൽ നിലപാടിനു വിരുദ്ധമാകുമായിരുന്നു. കെണിയിൽ വീണുപോകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാമതിൽ നടന്ന ദിവസം വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ പൊളിഞ്ഞു പോയി. ശബരിമല പ്രശ്നത്തിൽ യഥാർഥത്തിൽ സർക്കാർ ഒരു കുറ്റവും ചെയ്തിട്ടില്ല. കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചേ പറ്റുവെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഈ അവസരം പലരും മുതലെടുത്തു. ശബരിമലയിൽ കയറിയ സ്ത്രീകളുടെ തെറ്റായ കണക്കു കോടതിയിൽ കൊടുത്തതു വീഴ്ചയാണ്. പട്ടികയിലെ തെറ്റു സർക്കാരിനു ചീത്ത പേരുണ്ടാക്കി. ശബരിമല വിഷയത്തിൽ നേട്ടമുണ്ടാക്കാൻ ആയത് ഇപ്പോൾ ബിജെപിക്കാണ്. അത് ലോക്സഭാ തിരഞ്ഞെടുപ്പുവരെ കൊണ്ടുപോകാൻ ആകുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.