ശബരിമല റിവ്യു ഹർജി: തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി ∙ ശബരിമല കേസിൽ സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച റിവ്യു ഹർജികൾ പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി. കേസിൽ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര 30 വരെ ചികിത്സാ അവധിയിലാണെന്നും അവർ മടങ്ങിയെത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നേരത്തേ ജനുവരി 22നു കേസ് പരിഗണിക്കാനായിരുന്നു നിശ്ചയിച്ചത്. ഇന്നലെ ഇക്കാര്യം അഭിഭാഷകൻ മാത്യു നെടുമ്പാറ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പുനഃപ്പരിശോധിക്കണം എന്നാവശ്യപ്പെട്ട് 49 ഹർജികളാണു ഫയൽ ചെയ്തിരിക്കുന്നത്.