വരുമാനം കുറഞ്ഞത് ബാധിക്കില്ല: പത്മകുമാർ

തിരുവനന്തപുരം ∙ ശബരിമലയിൽ ഇക്കുറി നടവരുമാനം കുറഞ്ഞതു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നു പ്രസിഡന്റ് എ. പത്മകുമാർ. വരുമാനം കുറഞ്ഞത് ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെയും ദേവസ്വം ബോർഡ് ജീവനക്കാരെയും ബാധിക്കുമെന്ന അശങ്കയ്ക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ  അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റിൽ ശബരിമലയ്ക്കു കൂടുതൽ സഹായം ഉണ്ടാകുമെന്നാണു പ്രതീക്ഷ. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്തേക്കാൾ വരുമാനത്തിൽ 99.02 കോടി രൂപയുടെ കുറവാണ് ഈ തീർഥാടന കാലത്തുണ്ടായത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിപുലമായ വികസനപദ്ധതികൾ നടപ്പിലാക്കാൻ ബോർഡ് യോഗത്തിൽ തീരുമാനമായി. 50 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള പദ്ധതികളാണു കൊണ്ടുവരുന്നതെന്നു പത്മകുമാർ അറിയിച്ചു.