അരികടത്ത് വിജിലൻസും സ്ഥിരീകരിച്ചു; തിരുച്ചിറപ്പള്ളിയിലെ മിൽ മുദ്രവച്ചു

തിരുവനന്തപുരം ∙ പ്രളയത്തിൽ നശിച്ച സപ്ലൈകോ അരി കടത്തി സൂക്ഷിച്ച തമിഴ്നാട്ടിലെ മിൽ പൊലീസ് മുദ്രവച്ചു. തിരുച്ചിറപ്പള്ളി തുറയൂരിലെ ശ്രീ പളനി മുരുകൻ റൈസ് മില്ലിൽ സപ്ലൈകോ വിജിലൻസിന്റെയും തമിഴ്നാട് സർക്കാരിന്റെയും സംഘം ഇന്നലെ രാവിലെ സംയുക്ത പരിശോധന നടത്തി പ്രളയ അരിയാണു സൂക്ഷിച്ചിരിക്കുന്നതെന്നു സ്ഥിരീകരിച്ച ശേഷമാണു മുദ്രവച്ചത്. അരി– നെൽ നീക്കവും ടെൻഡർ നടപടികളും പരിശോധിക്കാൻ ഭക്ഷ്യവകുപ്പ് ആറംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സിവിൽ സപ്ലൈസ് കമ്മിഷണർക്കാണു നേതൃത്വം. 

ഇതേസമയം, പെരുമ്പാവൂരിലെ മില്ലിൽ നിന്നു കേടായ അരിയും നെല്ലും ഇപ്പോഴും കൊണ്ടുപോകുന്നുണ്ട്. തിങ്കളാഴ്ച തമിഴ്നാട് റജിസ്ട്രേഷനുള്ള 23 ലോറികളിലും ഇന്നലെ വൈകിട്ടു വരെ 20 ലോറികളിലും കൊണ്ടുപോയി. ഒരു ലോറിയിൽ ശരാശരി 20 ടൺ ആണു കയറ്റുന്നത്. നിയമലംഘനം കണ്ടെത്തിയിട്ടും സപ്ലൈകോ ഇതു തടയാത്തതു ദുരൂഹമാണ്. 

അരി വാങ്ങിയ ശ്രീ പളനി മുരുകൻ ട്രേഡേഴ്സ് കടലാസിൽ മാത്രമാണെന്നും അവർക്ക് ഓഫിസില്ലെന്നും സപ്ലൈകോ വിജിലൻസ് കണ്ടെത്തി. എന്നാൽ ബില്ലിൽ ജിഎസ്ടി നമ്പരുള്ളതു വിജിലൻസ് പരിശോധിക്കും. ഉടമ രാജ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. രാജയുടെ അച്ഛൻ പൊന്നമ്പലത്തിന്റേതാണു മുദ്രവച്ച മിൽ. 

ഇന്നലെ രാവിലെ നടപടികൾക്കിടെ, പളനി മുരുകൻ ട്രേഡേഴ്സിന്റെ അഭിഭാഷകൻ അവിടെയെത്തി. അരി കാലിത്തീറ്റയ്ക്കു വേണ്ടിയാണെന്നും താൽക്കാലികമായി സൂക്ഷിച്ചതാണെന്നുമാണു വിജിലൻസ് എസ്പി വി.സുനിൽ കുമാറിനോടു പറഞ്ഞത്. ഈ അരി കാലിത്തീറ്റയ്ക്കു പോലും ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് ഈ അവകാശവാദം.