കോതമംഗലം പള്ളി: പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി∙ കോതമംഗലം മർത്തോമ്മാ പള്ളിയിൽ പ്രവേശിച്ചു ശുശ്രൂഷകൾ നടത്താൻ ഫാ. തോമസ് പോൾ റമ്പാനു പൊലീസ് സംരക്ഷണം നൽകണമെന്ന മൂവാറ്റുപുഴ കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചതു പുനഃപരിശോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരൻ കോടതിച്ചെലവിനത്തിൽ 50,000 രൂപ 2 ആഴ്ചയ്ക്കകം കേരള ലീഗൽ സർവീസസ് അതോറിറ്റിയിൽ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു. നിശ്ചിത സമയത്തിനുള്ളിൽ പണം ലഭിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ മുഖേന തുക ഇൗടാക്കാനുള്ള നടപടി കേരള ലീഗൽ സർവീസസ് അതോറിറ്റിക്കു സ്വീകരിക്കാം.

കോതമംഗലം സ്വദേശി ബിബിൻ ബേസിൽ നൽകിയ ഹർജിയാണു കോടതി തള്ളിയത്. പൊലീസിനെ ഉപയോഗിച്ചു പള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ആദ്യ ഹർജിയിൽ കക്ഷിയല്ലാതിരുന്ന ബിബിൻ ബേസിലിനു റിവ്യു ഹർജി നൽകാനാകില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി, കോടതി നടപടികളുടെ ദുരുപയോഗം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി.