ലോക കേരളസഭ: സർക്കാർ പണം ചെലവിടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം∙ ദുബായിൽ ഫെബ്രുവരി 15 ന് ആരംഭിക്കുന്ന ലോക കേരളസഭയുടെ ആദ്യ മേഖലാ സമ്മേളനത്തിനായി സർക്കാർ പണം ചെലവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘാടനം, ആതിഥേയത്വം എന്നിവ അവിടത്തെ മലയാളി കൂട്ടായ്മകളാണു വഹിക്കുന്നത്. എന്നാൽ താനോ പ്രതിപക്ഷ നേതാവോ പോകുന്നുണ്ടെങ്കിൽ വിമാനക്കൂലി സർക്കാർ വഹിക്കും. അതു ധൂർത്തായി പരിഗണിക്കേണ്ടതില്ല. സർക്കാരിന്റെ പരിപാടിയെന്ന ഊഹത്തിന്റെ പേരിലാണ് ആരോപണമുയർന്നത്.

പ്രതിപക്ഷ നേതാവ് പരിപാടിക്ക് എതിരല്ലെന്നു പിണറായി പറഞ്ഞു. സമ്മേളനത്തിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമായതിനാലാണു വരാൻ ബുദ്ധിമുട്ടുള്ളത്. ഇക്കാര്യം അറിയിച്ചിരുന്നു. എങ്കിലും പരമാവധി ശ്രമിക്കാമെന്നും പറഞ്ഞിട്ടുണ്ട്. സൗകര്യമില്ലെങ്കിൽ അദ്ദേഹം നിയോഗിക്കുന്ന മറ്റാരെങ്കിലും പങ്കെടുക്കും. അല്ലാതെ മറ്റു വിയോജിപ്പുകളൊന്നും അദ്ദേഹത്തിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.