സ്കൂൾ വിദ്യാഭ്യാസം ഒന്നു മുതൽ 12 വരെ ഒരു കുടക്കീഴിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസഘടന അടിമുടി മാറ്റി ഏകീകരിക്കുന്നു. ഒന്നു മുതൽ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്ന്, സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു പഠിക്കാൻ സർക്കാർ നിയമിച്ച ഡോ.എം.എ. ഖാദർ കമ്മിറ്റി ശുപാർശ ചെയ്തു. ഇതനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ യോജിപ്പിച്ച് ഒരു ഡയറക്ടറേറ്റ് ആക്കണം.

സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണവും ഏകോപനവും പുതുതായി രൂപീകരിക്കുന്ന സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിനായിരിക്കും. ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ ശക്തമായി എതിർക്കുന്ന കാര്യമാണ് ലയനം. പ്രൈമറിതലത്തിൽ (ഒന്നു മുതൽ ഏഴു വരെ) അധ്യാപക അടിസ്ഥാന യോഗ്യത ബിരുദം ആയിരിക്കണമെന്നും ശുപാർശയുണ്ട്. ബിരുദ നിലവാരത്തിലുള്ള പ്രഫഷനൽ യോഗ്യതയും വേണം. സെക്കൻ‍ഡറിതലത്തിൽ ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായിരിക്കണം.

എൽപി സ്കൂളിലും പ്രിൻസിപ്പൽ !

സ്കൂളിന് ഒരു  മേധാവി മാത്രം – പ്രിൻസിപ്പൽ. സഹായിക്കാൻ വൈസ് പ്രിൻസിപ്പൽ. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനത്തിൽ പ്രിൻസിപ്പൽമാരായി നിയമിക്കണം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കേഡറിലുള്ളവർക്കു നിലവിലുള്ള അവസരം തുടരും. 12 വരെയുള്ള സ്കൂളിന്റെ മേധാവി പ്രിൻസിപ്പൽ (സെക്കൻഡറി). 10 വരെയാണെങ്കിൽ പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), ഏഴു വരെ പ്രിൻസിപ്പൽ (പ്രൈമറി), നാലു വരെ പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയായിരിക്കും പുനർനാമകരണം.

8 – 10 ലോവർ സെക്കൻഡറി; 11 – 12 സെക്കൻഡറി

ഒന്നു മുതൽ നാലു വരെ ക്ലാസുകൾ  ലോവർ പ്രൈമറിയും ഏഴു വരെയുള്ള ക്ലാസുകൾ പ്രൈമറിയുമായിരിക്കും. എട്ടു മുതൽ 10 വരെ ലോവർ സെക്കൻഡറി. 12 വരെ സെക്കൻഡറി. മുഴുവൻ വൊക്കേഷനൽ ഹയർസെക്കൻ‍ഡറി സ്കൂളുകളും സെക്കൻഡറി സ്കൂളുകളാക്കി  മാറ്റണം.

എഇഒ, ഡിഇഒ  ഇല്ലാതാകും

എഇഒ, ഡിഇഒ തസ്തികകൾ ഇല്ലാതാകും. ഡിഡിഇ, റീജനൽ ഡപ്യൂട്ടി ഡയറക്ടർ, അഡീഷനൽ ഡയറക്ടർ ഓഫിസുകളും ഘടന മാറും.