പരീക്ഷണങ്ങൾക്കു സിപിഎം; സ്ഥാനാർഥികളായി എംഎൽഎമാർ വരുമോ?

തിരുവനന്തപുരം ∙ യുഡിഎഫ് സീറ്റുകൾ പിടിച്ചെടുക്കാനുള്ള പരീക്ഷണങ്ങൾക്കായി ഓരോ മണ്ഡലത്തിലും അനുയോജ്യരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ സിപിഎം. പറ്റിയ സ്ഥാനാർഥികൾ ഇല്ലാത്തയിടത്തു പുതിയ ഘടകകക്ഷികളെയടക്കം പരിഗണിച്ചേക്കാം. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി 2014 ൽ അടിപതറിയ കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാലിനാണു മുൻതൂക്കം.

പത്തനംതിട്ടയിൽ മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെ.ജെ. തോമസിനെയാണു നേരത്തെ പരിഗണിച്ചിരുന്നത്. ശബരിമല വിവാദത്തിന്റെ പുതിയ സാഹചര്യത്തിൽ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ ആളെ തിരയുകയാണു പാർട്ടി. ജനാധിപത്യ കേരള കോൺഗ്രസിന്റെ ഫ്രാൻസിസ് ജോർജ് അവിടെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മറ്റൊരു പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് ബിയുടെ കെ.ബി. ഗണേഷ്കുമാറും ആലോചനയിലുണ്ട്.

എറണാകുളത്ത് കെ.വി. തോമസിനെതിരെ ഇനിയും സ്ഥാനാർഥിയിലേക്കെത്താൻ സാധിച്ചിട്ടില്ല. ഏറെ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ഇവിടെ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവിന്റെ പേരിനു ചുറ്റുമാണു കറങ്ങുന്നത്. സാമുദായികഘടകം മുൻനിർത്തി ഇടതു സഹയാത്രികരുടെ പേരുകൾ പതിവുപോലെ ഉയരുന്നു.

ആലപ്പുഴയിൽ എ.എം. ആരിഫ്, സി.എസ്. സുജാത എന്നിവർക്കു സാധ്യതയുണ്ട്. മന്ത്രിമാരായ തോമസ് ഐസക്കോ ജി. സുധാകരനോ മത്സരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എം.എ. ബേബി വീണ്ടും നിയോഗിക്കപ്പെട്ടാൽ അത് ആലപ്പുഴയിലാകാനാണു സാധ്യത.

കോഴിക്കോട്ട് പി.എ. മുഹമ്മദ് റിയാസ്, എ. പ്രദീപ്കുമാർ എംഎൽഎ എന്നിവരെ പരിഗണിക്കുന്നു. വടകരയിലേക്കു പി.കെ. ശ്രീമതി മാറിവന്നില്ലെങ്കിൽ പി. സതീദേവിക്കാണു സാധ്യത.

ദൾ എവിടെ?

കഴിഞ്ഞ തവണ കോട്ടയം സീറ്റിൽ മത്സരിക്കാൻ നിയുക്തമായ ജനതാദൾ എസ്സിന് ആ സീറ്റ് താൽപര്യമില്ല. പകരം തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയിലൊന്നു വേണമെന്നാണ് ആവശ്യം. കോട്ടയം സീറ്റിൽ പാർട്ടി തന്നെ മത്സരിക്കണമെന്നു സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സിപിഎം തന്നെ മത്സരിച്ചാൽ പി.കെ. ഹരികുമാർ, കെ.ജെ. തോമസ്, വി.എൻ. വാസവൻ, ജെയ്ക്ക് സി. തോമസ്, സുജ സൂസൻ ജോർജ് എന്നിവരിലൊരാൾക്കു സാധ്യതയുണ്ട്.

ലീഗ് കോട്ടകളിലെ തന്ത്രമെന്ത്?

മുസ്‍ലിം ലീഗ് കോട്ടകളിൽ വെല്ലുവിളി ഉയർത്താൻ സിപിഎമ്മിനു സാധിക്കുമോ? ഒന്നു പിടിച്ചുനോക്കാമെന്നു കരുതുന്ന പൊന്നാനിയിൽ പൊതുസമ്മതനായ സ്വതന്ത്രനെ ഇറക്കാനാണു സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ പി.കെ. അബ്ദുറബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ചവച്ച നിയാസ് പുളിക്കലകത്തിന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ നേരിട്ട്, ഭൂരിപക്ഷം കുറച്ച വി. അബ്ദുറഹിമാൻ എംഎൽഎയാണ് മറ്റൊരാൾ. ബന്ധുനിയമന വിവാദം ഉയരുന്നതിനു മുൻപ് കെ. ടി. ജലീൽ പൊന്നാനിയിൽ മത്സരിക്കുമെന്നു പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ആ സാധ്യത മങ്ങി. ലീഗിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് പതിവു പ്രതിരോധം വിട്ട് ഇറങ്ങിക്കളിക്കണമെന്നു സിപിഎമ്മിന് ആഗ്രഹമുണ്ടെങ്കിലും അതിനു പറ്റുന്നവർ ആരെന്ന ഉത്തരമില്ല. മുൻ എംഎൽഎ വി.ശശികുമാർ, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനു എന്നിവരുടെ സാധ്യത പറയുന്നുണ്ട്.