പ്രളയം ‘തുണച്ചു’; തൊഴിലുറപ്പിൽ കേരളത്തിന്റെ കുതിപ്പ്

ആലപ്പുഴ ∙ പ്രളയം തൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിന്റെ കുതിപ്പിനു കളമൊരുക്കി. ഇന്നലെ വരെയുള്ള കേന്ദ്ര സർക്കാർ കണക്കു പ്രകാരം സംസ്ഥാനം ഇതുവരെ 2,143.60 കോടി രൂപ പദ്ധതിയിൽ ചെലവിട്ടു. പദ്ധതിയിൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ തുകയാണിത്. കഴിഞ്ഞ വർഷത്തെ ചെലവ് 1,901.77 കോടിയായിരുന്നു. പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ കൂടുതൽ തൊഴിലാളികൾ പദ്ധതിയിൽ ജോലി ചെയ്തതാണു നേട്ടത്തിനു കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ 2 മാസം കൂടിയുള്ളപ്പോഴാണു മികച്ച നേട്ടം. 5.5 കോടി തൊഴിൽ ദിനങ്ങളാണ് ഈ വർഷം സംസ്ഥാനത്തിനു കേന്ദ്രം അനുവദിച്ചത്. എന്നാൽ, ഡിസംബർ പകുതിയോടെ സംസ്ഥാനം ലക്ഷ്യം നേടി. കഴിഞ്ഞ ദിവസം വരെ 14 ജില്ലകളിലായി 6.92 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു.

7 ജില്ലകളിൽ 150 ദിനങ്ങൾ

പ്രളയക്കെടുതി പുനർനിർമാണത്തിനായി ആലപ്പുഴ ഉൾപ്പെടെ 7 ജില്ലകൾക്ക് ഈ സാമ്പത്തിക വർഷം 150 ദിവസം വരെ തൊഴിൽ നൽകാം. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, വയനാട് എന്നിവയാണു മറ്റു ജില്ലകൾ. കാസർകോട് ഒഴികെ മറ്റ് 6 ജില്ലകളിൽ 50 ദിവസം അധികം അനുവദിക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.