‘കേരള സംരക്ഷണ യാത്ര’കൾക്ക് എൽഡിഎഫ്

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടതുമുന്നണിയുടെ മേഖലാതല ജാഥകൾക്കു പേരിട്ടു: കേരള സംരക്ഷണ യാത്ര. ബിജെപിയും കേന്ദ്ര സർക്കാരും നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരളത്തെ സംരക്ഷിക്കുക, നവോത്ഥാന മൂല്യങ്ങളുടെ നാടായി കേരളത്തെ സംരക്ഷിക്കുക എന്നീ രണ്ടു സന്ദേശങ്ങളാണ് ഈ പേരിലൂടെ പകരാൻ എൽഡിഎഫ് നേതൃത്വം ആഗ്രഹിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജാഥ 14 ന് തിരുവനന്തപുരത്തു നിന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള യാത്ര 16 ന് കാസർകോട്ടു നിന്നും തുടങ്ങും. മാർച്ച് രണ്ടിനു വൻ റാലിയോടെ തൃശൂരിൽ രണ്ടും സമാപിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും. രണ്ടു ജാഥകളിലും എൽഡിഎഫിലെ 10 കക്ഷികളിൽ നിന്നും ജാഥാ ക്യാപ്റ്റനടക്കം 10 അംഗങ്ങളുണ്ടായിരിക്കും. ഇതു കൂടാതെ 2 വനിതാ അംഗങ്ങളും രണ്ടു ജാഥകളിലും അണിനിരക്കും.

കേന്ദ്രവിരുദ്ധ പ്രചാരണത്തിനു ജാഥയിൽ മുൻതൂക്കം നൽകാനാണ് തീരുമാനം. ഒപ്പം, സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വിവരിക്കും. ജാഥ തീരുന്നതോടനുബന്ധിച്ചു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ അറിയിപ്പ് പ്രതീക്ഷിക്കുന്നതിനാൽ സമാപന റാലിയോടെ പ്രചാരണത്തിനു തുടക്കം കുറിക്കാനാണു ശ്രമം. ഔദ്യോഗിക സീറ്റ് വിഭജന, സ്ഥാനാർഥി ചർച്ചകൾ ജാഥ സമാപിച്ച ശേഷമേ ഉണ്ടാകൂ.