രാഹുലിന്റെ കൊച്ചി സന്ദർശനത്തിനിടെ ഘടകകക്ഷി നേതാക്കളെ കാണും

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പടപ്പുറപ്പാടിനായി നാളെ കൊച്ചിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഒരു മണിക്കൂറാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. വിശദചർച്ചയ്ക്കു സമയമുണ്ടാകില്ല. ഘടകകക്ഷികളെ കൂടുതൽ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായാണ് അവരുമായി ആശയവിനിമയം നിശ്ചയിച്ചിരിക്കുന്നത്.

നാളെ രാവിലെ 10.30 ന് രാഹുൽ കൊച്ചിയിലെത്തുമെന്നായിരുന്നു മുൻതീരുമാനമെങ്കിൽ ഇപ്പോൾ അത് 1.35 ന് എന്നു മാറ്റി. അന്തരിച്ച എം.ഐ. ഷാനവാസ് എംപിയുടെ വീട്ടിലേക്കാണു വിമാനത്താവളത്തിൽ നിന്നു നേരെ തിരിക്കുക. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച ശേഷം ഗെസ്റ്റ് ഹൗസിലേക്കു പോകുന്ന രാഹുൽ മറൈൻ ഡ്രൈവിലെ കോൺഗ്രസ് സമ്മേളന വേദിയിൽ മൂന്നു മണിക്ക് എത്തിച്ചേരും. തുടർന്നു ഗെസ്റ്റ് ഹൗസിൽ 4.30 മുതൽ 5.30 വരെയാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രധാന നേതാക്കളുമായുള്ള കൂടിക്കാഴ്ച. ചായസൽക്കാരവും ഒപ്പമുള്ളതിനാൽ ഗൗരവമുള്ള രാഷ്ട്രീയ ചർച്ചകൾക്കു സാധ്യത കുറവാണ്. ആറിനു രാഹുൽ മടങ്ങും.

യുഡിഎഫിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തുടക്കമായിട്ടാണു രാഹുലിന്റെ റാലിയെ നേതാക്കൾ അവതരിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വരവും സമീപകാല തിരഞ്ഞെടുപ്പു സർവേകളിലെ അനുകൂല സൂചനകളും കോൺഗ്രസ്, യുഡിഎഫ് ക്യാംപിനെ ആത്മവിശ്വാസത്തിലാക്കിയിട്ടുണ്ട്. പാർട്ടിയിലും മുന്നണിയിലും വൻ പടലപ്പിണക്കങ്ങളില്ലെന്നതും ആശ്വാസമായി നേതാക്കൾ കരുതുന്നു.

സമീപകാല തിരഞ്ഞെടുപ്പുകളിലൊന്നുമില്ലാത്ത ഐക്യത്തോടെയാണു കോൺഗ്രസും യുഡിഎഫും നീങ്ങുന്നത്. സ്ഥാനാർഥി നിർണയത്തിലും സൂക്ഷ്മത പാലിക്കുമെന്ന അവകാശവാദമാണു നേതൃത്വത്തിന്റേത്. സിറ്റിങ് എംപിമാരെല്ലാം മത്സരിക്കാനാണു സാധ്യത. ശേഷിക്കുന്ന എട്ടുസീറ്റിൽ സ്ഥാനാർഥികളെ സംബന്ധിച്ച കൂടിയാലോചനകൾ വിവിധ തലങ്ങളിൽ നടക്കുന്നു. കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ ഇതിനു സമാന്തരമായി ഒരു സർവേയും ആരംഭിച്ചിട്ടുണ്ട്.