ഉമ്മൻ ചാണ്ടിയുടെ സ്ഥാനാർഥിത്വം: നേരിട്ട് ആവശ്യപ്പെടില്ല; മൊബൈലിലൂടെ പ്രവർത്തകരുടെ മനസ്സറിയും

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടു ഹൈക്കമാൻഡ് ആവശ്യപ്പെടില്ലെന്നു സൂചന. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ചോദിച്ച ശേഷം തീരുമാനം ഉമ്മൻ ചാണ്ടിക്കു തന്നെ വിടും. അദ്ദേഹം നിർബന്ധമായും മത്സരിക്കണമെന്ന സാഹചര്യം നിലവിൽ കേരളത്തിലില്ലെന്നു പാർട്ടി ദേശീയ നേതൃത്വം കരുതുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പാർട്ടി ഭാരവാഹികളുമായി കഴിഞ്ഞ ദിവസം കോട്ടയത്തു നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണിത്.

വാശിയേറിയ പോരാട്ടം നടക്കുന്ന ഇക്കുറി വിജയം ഉറപ്പാക്കാൻ ഉമ്മൻ ചാണ്ടി മത്സരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം സംസ്ഥാന ഘടകത്തിൽ ഉയർന്നിട്ടുണ്ടെങ്കിലും എ ഗ്രൂപ്പ് അതിനെ അനുകൂലിക്കുന്നില്ല. സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ച വന്നാൽ, നിലവിലെ എംഎൽഎമാർ ആരും മത്സരിക്കേണ്ടെന്ന നിലപാട് മുന്നോട്ടു വയ്ക്കുമെന്നും അക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ഗ്രൂപ്പ് പ്രതിനിധികൾ വ്യക്തമാക്കി.

അതിനിടെ, ഓരോ മണ്ഡലത്തിലും പരിഗണിക്കാവുന്ന സ്ഥാനാർഥികൾ ആരൊക്കെയെന്നതു സംബന്ധിച്ച് താഴേത്തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായം നേരിട്ടറിയാൻ ഹൈക്കമാൻ‍ഡ് നടപടിയാരംഭിച്ചു. കോൺഗ്രസിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘ശക്തി’ വഴി പ്രവർത്തകർ, ബൂത്ത്– മണ്ഡലം ഭാരവാഹികൾ എന്നിവരിൽ നിന്ന് അഭിപ്രായം ശേഖരിക്കും. അതിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉയർന്നാൽ അക്കാര്യം സംസ്ഥാന ഘടകത്തെ അറിയിക്കും.

ഇത്തവണ ‘ശക്തി’ തീരുമാനിക്കും

കോൺഗ്രസിന്റെ മൊബൈൽ ആപ്ലിക്കേഷനായ ‘ശക്തി’ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പ്രവർത്തകരുടെ മൊബൈൽ ഫോണിലേക്കു സ്ഥാനാർഥി ആരാവണമെന്നതു സംബന്ധിച്ചു വരും ദിവസങ്ങളിൽ ചോദ്യമെത്തും. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തി ആപ് വഴി പ്രവർത്തകരുടെ മനസ്സറിഞ്ഞു സ്ഥാനാർഥികളെ നിശ്ചയിച്ചതു ഫലം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണു ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതു തുടരാൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിർദേശിച്ചത്.