കേരളകോൺഗ്രസി(എം)ൽ അഭിപ്രായഭിന്നത; ‘കേരള യാത്ര’ പാർട്ടിയിൽ മതിയായ ചർച്ച കൂടാതെയാണെന്നു ജോസഫ്

തിരുവനന്തപുരം∙ കേരളകോൺഗ്രസി(എം)ൽ അഭിപ്രായഭിന്നത വെളിവാക്കി വർക്കിങ് ചെയർമാൻ പി.ജെ.ജോസഫ്. വൈസ് ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘കേരള യാത്ര’ പാർട്ടിയിൽ മതിയായ ചർച്ച കൂടാതെയാണെന്നു ജോസഫ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റ് കേരളകോൺഗ്രസിനു കിട്ടിയേ തീരൂവെന്നും ജോസഫ് വ്യക്തമാക്കി.

ജോസ് കെ. മാണിയുടെ യാത്രയ്ക്കു പാർട്ടിയിൽ നിന്ന് കാര്യമായ പിന്തുണ കിട്ടുന്നില്ലെന്ന ആരോപണം ശ്രദ്ധയിൽപെടുത്തിയപ്പോഴാണു വേണ്ടത്ര ചർച്ച ചെയ്യാതെയാണു യാത്ര സംഘടിപ്പിച്ചതെന്ന പരാതി പലരും ഉയർത്തിയിട്ടുണ്ടെന്നു ജോസഫ് അഭിപ്രായപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് പാർട്ടിക്കു ലഭിക്കണം. കോട്ടയം സീറ്റിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണം. കേരളകോൺഗ്രസി(എം)ൽ തങ്ങൾ ലയിച്ചതിന്റ പ്രയോജനം കിട്ടാത്തപക്ഷം പരാതികളുണ്ടാകും. ജനാധിപത്യ കേരള കോൺഗ്രസടക്കം പുറത്തുള്ള ഘടകങ്ങളുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു കേരള കോൺഗ്രസുകാർ ലയിക്കുകയും പിളരുകയും ചെയ്യുന്നതു പതിവാണന്നും സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു മറുപടി.

കേരള യാത്ര നടക്കുന്നതിനിടെ പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റ നേതൃത്വത്തിൽ നാളെ തിരുവനന്തപുരത്തു പ്രാർഥന യജ്‍ഞം സംഘടിപ്പിച്ചതും ഭിന്നതയുടെ തെളിവായി ചൂണ്ടിക്കാട്ടുന്നവരുണ്ട്. രണ്ടു മുതൽ അഞ്ചു വരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണു പ്രാർഥനാ യജ്ഞം. ഡൽഹി ഗാന്ധി പീസ് മിഷൻ ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.