കബനി നദിക്ക് അക്കരെ യുവാവിനെ കടുവ കൊന്നു; രണ്ടു മാസത്തിനിടെ പ്രദേശത്ത് കടുവ കൊന്നത് 2 പേരെ

പുൽപള്ളി  കബനി നദിക്ക് അക്കരെ അതിർത്തിയിലെ കർണാടക ഗ്രാമമായ ഗുണ്ടറയിൽ പ്രഭാതകൃത്യത്തിനിറങ്ങിയ ആളെ കടുവ കൊന്നു. പുളിമൂട്ടിൽ ചിന്നപ്പൻ (34) ആണു കൊല്ലപ്പെട്ടത്. 2 മാസത്തിനിടെ ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ചിന്നപ്പൻ. 2 മാസം മുൻപ് ബൈരക്കുപ്പ മാനിമൂല കോളനിയിലെ മധുവിനെ കടുവ കൊന്നിരുന്നു.

ചിന്നപ്പൻ

ഇന്നലെ രാവിലെ പല്ലുതേച്ചുകൊണ്ട് വീടിനടുത്തുള്ള വനത്തിലേക്ക് കയറിയപ്പോഴാണ് ചിന്നപ്പനെ കടുവ പിടികൂടി വനത്തിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരൻ സ്വാമിയുടെ നിലവിളി കേട്ട് സമീപവാസികൾ വടികളും പടക്കങ്ങളുമായി പിന്നാലെ പാഞ്ഞു. അര കിലോമീറ്ററോളം അകലെ മൃതദേഹം ഉപേക്ഷിച്ച് കടുവ കാട്ടിൽ മറഞ്ഞു. കഴുത്തിൽ ആഴത്തിൽ പല്ലുകളിറക്കിയതിന്റെ അടയാളങ്ങളുണ്ട്. കുറ്റിക്കാട്ടിലൂടെ വലിച്ചിഴച്ചതിനാൽ ദേഹമാസകലം മുറിവേറ്റിരുന്നു.

കുറെ ദിവസങ്ങളായി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാലി മേയ്ക്കാൻ വനത്തിൽ പോയ ചിന്നുവിനു നേരെ കടുവ പാഞ്ഞടുത്തിരുന്നു. 3 പശുക്കളെ അടുത്ത ദിവസങ്ങളിൽ കടുവ കൊന്നു. രണ്ടാഴ്ച മുൻപ് പകൽസമയം ഗുണ്ടറയിൽ വീടുകൾക്കു സമീപം എത്തിയ കടുവയെ നാട്ടുകാരും വനപാലകരും ചേർന്നു തുരത്തിയിരുന്നു.

ചിന്നപ്പനെ കടുവ കൊന്നതറിഞ്ഞ് എത്തിയ നാട്ടുകാർ മൃതദേഹം എടുക്കുന്നത് തടയുകയും മണിക്കൂറുകളോളം ബഹളമുണ്ടാക്കുകയും ചെയ്തു. ഉച്ചയോടെ സ്ഥലത്തെത്തിയ വനം കൺസർവേറ്റർ നാരായണ സ്വാമി, തഹസിൽദാർ മഞ്ജുനാഥ്, പഞ്ചായത്ത് പ്രസിഡന്റ് തിരുപ്പതി എന്നിവർ പ്രദേശവാസികളുമായി ചർച്ച നടത്തിയ ശേഷം 2 മണിക്കാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എടുത്തത്. വനത്തിൽ വച്ചു തന്നെ നടപടികൾ പൂർത്തീകരിച്ച് വൈകിട്ട് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. രാത്രി സംസ്കരിച്ചു. സാവിത്രിയാണ് ചിന്നപ്പന്റെ ഭാര്യ. 2 മക്കളുണ്ട്.

ചിന്നപ്പന്റെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായം നൽകി. കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുകയും പരിശോധനകൾക്ക് 3 താപ്പാനകളെ എത്തിക്കുകയും ചെയ്തു.