സ്പെഷൽ സ്കൂളുകളെ ‌ഗ്രേഡുകളാക്കി തിരിച്ച് സഹായം നൽകും: മന്ത്രി

തിരുവനന്തപുരം ∙ മാർഗരേഖപ്രകാരം സ്പെഷൽ സ്കൂളുകളെ വിവിധ വിഭാഗങ്ങളായി തിരിച്ചു സർക്കാർ സഹായം അനുവദിക്കുമെന്നു നിയമസഭയിൽ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

എ ഗ്രേഡിനു പ്രതിവർഷം 83 ലക്ഷം, ബി ഗ്രേഡിന് 55 ലക്ഷം, സി ക്ക് 19 ലക്ഷം എന്നിങ്ങനെയാണു നിശ്ചയിച്ചിരിക്കുന്നതെന്നു പി.സി. ജോർജിന്റെ സബ്മിഷനു മറുപടി നൽകി. സർക്കാർ നിയോഗിച്ച ടീം ഈ സ്കൂളുകൾ സന്ദർശിച്ചു ഗ്രേഡ് തിരിച്ചുകൊണ്ടിരിക്കുകയാണ്.

∙ പാങ്ങപ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തെ ഗവേഷണ–പരിശീലന കേന്ദ്രമായി വികസിപ്പിക്കും.

∙ തെറപ്പി സെന്ററുകൾക്കു റജിസ്ട്രേഷൻ നിർബന്ധമാക്കും. ഇതിനുള്ള മാർഗരേഖ തയാറാക്കി.

∙ സ്വകാര്യ പ്രാക്ടീസിനു ബാധകമാക്കിയ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകും. ജില്ലാ മെഡിക്കൽ ഓഫിസർമാരോട് ഇക്കാര്യം നിരന്തരം നിരീക്ഷിച്ചു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.എൻ. ഷംസീറിനെ അറിയിച്ചു.

∙ കുടുംബി സമുദായാംഗങ്ങൾക്കു തൊഴിൽ, വിദ്യാഭ്യാസ സംവരണവും ആനുകൂല്യവും ഉറപ്പു വരുത്തുമെന്നു മന്ത്രി എ.കെ. ബാലൻ അറിയിച്ചു. പിന്നാക്ക വിഭാഗത്തിലാണ് ഇവരെ പെടുത്തിയിരിക്കുന്നത്.

കുടുംബി സമുദായത്തെ അതിൽ തന്നെ പ്രത്യേകം വേർതിരിച്ചു സംവരണം നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കും. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള സംവരണവും പരിശോധിക്കുമെന്നു പി.ടി. തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നൽകി.