മൂന്നര ലക്ഷം പേർ കൂടി വോട്ടർ പട്ടികയിൽ

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കഴിഞ്ഞ നവംബർ 15 വരെ പേരുചേർക്കാൻ അപേക്ഷിച്ചവരിൽ നിന്ന് മൂന്നര ലക്ഷം വോട്ടർമാരെയാണ് അധികമായി പട്ടികയിൽ ഉൾ‌പ്പെടുത്തിയത്. ഇതോടെ ആകെ വോട്ടർമാരുടെ എണ്ണം 2.53 കോടിയാകും. കൃത്യമായ കണക്ക് ഇന്നു പുറത്തുവിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഇന്നു മുതൽ പുതുതായി വോട്ടർമാർക്കു പേരു ചേർക്കാം. ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയിൽ‌ പേരു ചേർക്കാനാകും. വോട്ടെടുപ്പിനു മുൻപ് ഇവരുടെ പേരു കൂടി ഉൾപ്പെടുത്തി അനുബന്ധ വോട്ടർ പട്ടിക തയ്യാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ളവർക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനാകുക.