പ്രളയത്തെ അതിജീവിച്ച കേരളം എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ സർക്കാർ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ പ്രളയത്തിൽ തളർന്ന കേരളം എന്നതിനപ്പുറം അതിജീവിച്ച കേരളം എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടു കൂടി മാത്രമേ പുനർനിർമാണം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാന കേരള കൺവൻഷൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രളയബാധിതരായ തോട്ടം തൊഴിലാളികൾക്കു 100 വീടുകൾ നി‍ർമിച്ചു നൽകുന്ന ഫൊക്കാന പദ്ധതിയുടെയും പ്രവാസി മലയാളി വിദ്യാർഥികൾക്കായുള്ള മലയാളം അക്കാദമിയുടെയും പ്രഖ്യാപനവും നിർവഹിച്ചു.

വിദേശ ഇന്ത്യക്കാർക്ക് ഇരട്ടപൗരത്വം അനുവദിക്കണമെന്നാവശ്യപ്പെടുന്ന ബിൽ ഈ സമ്മേളനത്തിൽ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നു ശശി തരൂർ എംപി പറഞ്ഞു. പ്രസിഡന്റ് മാധവൻ ബി.നായർ അധ്യക്ഷത വഹിച്ചു. പി.വി.അബ്ദുൽ വഹാബ് എംപി, നവകേരള മിഷൻ കോ–ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഡോ. എം .അനിരുദ്ധൻ, പോൾ കൊക്കാട്ട്, പോൾ കറുകപ്പള്ളി, ഡോ.രഞ്ജിത് പിള്ള, ജോർജി വർഗീസ്, സജിമോൻ ആന്റണി, മാമ്മൻ സി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.