ബാലഭാസ്കറിന്റെ അപകടമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം ∙ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവ് സി.കെ. ഉണ്ണിയുടെ പരാതിയിന്മേൽ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. നേരത്തെ ഇദ്ദേഹം നൽകിയ പരാതിയിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷിച്ചിരുന്നു. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ടത്.

ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടു നടത്താൻ സെപ്റ്റംബർ 23 ന് തൃശൂരിൽ പോയ കുടുംബം പിറ്റേന്നു രാത്രി അവിടെ നിന്നു പുറപ്പെട്ട് 25 ന് പുലർച്ചെ 4.30 നായിരുന്നു അപകടം. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മകൾ തേജസ്വിനി ബാല (മൂന്ന്) മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു മരിച്ചത്. ഏറെനാൾ ചികിത്സയിലായിരുന്ന ഭാര്യ ലക്ഷ്മി പിന്നീട് ആശുപത്രി വിട്ടു. ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികൾ പരസ്പരവിരുദ്ധമാണ്.