6 സീറ്റെങ്കിലും വേണം; പ‌ട്ടിക തയാറാക്കി ബിഡിജെഎസ്

ചേർത്തല ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിഡിജെഎസ് സ്ഥാനാർഥികളുടെ ആദ്യഘട്ട ചുരുക്കപ്പട്ടിക തയാറ‍ായി. 8 മണ്ഡലങ്ങളിലേക്ക് 9 നേതാക്കളുടെ പട്ടിക സംസ്ഥാന കൗൺസിൽ യോഗം തയാറ‍ാക്കി. ഇവർക്കു പുറമേ ജനപിന്തുണയുള്ള പൊതുവ്യക്തികളെ നിർത്താനുള്ള സാധ്യത പരിശോധിക്കും.

തൃശൂരിൽ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ആലത്തൂരിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവുമാണു പട്ടികയിലുള്ളത്. എൻഡിഎ കൺവീനർ എന്ന നിലയിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ഏകോപിപ്പിക്കേണ്ടതിനാൽ മത്സരത്തിൽ നിന്ന് ഒഴിവാക്കണമെന്നു തുഷാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, തൃശൂർ, വയനാട്, ആലത്തൂർ എന്നിവയാണു ബിഡ‍ിജെഎസ് ആവശ്യപ്പെട്ടത്. കോഴിക്കോട്, എറണാകുളം, തൃശൂർ, ആലത്തൂർ, വയനാട്, ഇടുക്കി മണ്ഡലങ്ങളാണു ബിജെപി വാഗ്ദാനം. ഇതേസമയം, ബിഡ‍ിജെഎസിനു 4 സീറ്റ് നൽകിയാൽ മതിയെന്ന നിർദേശം ബിജെപി സംസ്ഥാന നേതൃത്വത്തിൽ ചിലർക്കുണ്ട്. സീറ്റുകളുടെ എണ്ണം ആറിൽ കുറഞ്ഞാൽ മത്സരത്തിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദേശം സംസ്ഥാന കൗൺസിലിൽ ഉയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് ഒഴികെയുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

ബിജെപിയുടെയും ബിഡിജെഎസിന്റെയും പ്രധാന നേതാക്കൾ മത്സരിക്കാതെ മാറിന‍ിന്നു പ്രചാരണത്തിനിറങ്ങണമെന്നു തുഷാർ വെള്ളാപ്പള്ളി നിർദേശിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന നേതാക്കൾ മത്സരിച്ചതോടെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോകാൻ ആളില്ലാതായി. അത‍ാണു വിജയത്തെ ബാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.