സ്വർണം റെക്കോർഡിൽ; വില 24,600 രൂപ

കൊച്ചി ∙ കഴിഞ്ഞയാഴ്ച റെക്കോർഡിട്ട സ്വർണവില പിന്നെയും കുതിക്കുന്നു. ഇന്നലെ പവന് 200 രൂപ കൂടി വില 24,600 രൂപയായി. ഗ്രാമിന് 3,075 രൂപ. രാജ്യാന്തര വിപണിയിലെ വിലവർധനയും വിവാഹ– ഉത്സവ സീസണിനോട് അനുബന്ധിച്ചു നാട്ടിലെ വർധിച്ച ആവശ്യവുമാണു വില കൂടാനുള്ള കാരണങ്ങൾ. വിവാഹ സീസണിൽ വില ഉയരുന്നതു സാധാരണക്കാരെ ബാധിക്കുന്നു. 

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) വില 1,313 ഡോളറായി. രാജ്യാന്തര വിപണിയിൽ 8 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില. ഇന്നലെ 10 ഡോളറിലേറെയും കഴിഞ്ഞ ദിവസം 30 ഡോളറും കൂടി.

പവന് 24,400 രൂപയുമായി സ്വർണവില റെക്കോർഡ് ഭേദിച്ചത് ഈ മാസം 26 നാണ്. 2012 നവംബർ 27 ലെ വിലയായ 24,240 രൂപയാണു പഴങ്കഥയായത്. 26നു ശേഷം 3 ദിവസം വിലയിൽ മാറ്റമുണ്ടായില്ലെങ്കിലും കുറയാനുള്ള സാധ്യത ഉടനില്ലെന്ന സൂചന നൽകുന്നതാണ് ഇന്നലത്തെ വർധന. കേരളത്തിൽ തങ്കത്തിന്റെ ലഭ്യത കുറഞ്ഞതായി ജ്വല്ലറി ഉടമകൾ പറയുന്നു. വിവാഹാവശ്യത്തിനല്ലാതെ സ്വർണം വാങ്ങുന്നവരുടെ എണ്ണവും കുറയുന്നു. ആളുകൾ കയ്യിലുള്ള സ്വർണം വിറ്റഴിക്കുന്ന പ്രവണത കൂടി. വെള്ളിവിലയും ഉയരുകയാണ്.