മകരവിളക്ക്: ഭക്തിയില്‍ ആറാടി ശബരിമല സന്നിധാനം

ശബരിമല∙ അയ്യപ്പഭക്തർ ദർശന സുകൃതം കൊതിക്കുന്ന മകരവിളക്ക് അടുത്തതോടെ സന്നിധാനം ഭക്തിലഹരിയിൽ. ശരണഗാത വൽസലനായ മണികണ്ഠ സ്വാമിക്ക് മകരവിളക്കിനു ദേവഗഗണങ്ങളുടെ അർച്ചനയായ മകരജ്യോതിയുടെ പുണ്യംനുകരാൻ സന്നിധാനത്തിൽ തീർഥാടകർ തമ്പടിച്ചു തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്നു മകരജ്യോതി തെളിയും. മകരസംക്രമപൂജ രാത്രി 7.52ന്. സൂര്യൻ ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കുമാറുന്ന സക്രമ മുഹൂർത്തത്തിൽ അയ്യപ്പ സ്വാമിക്ക് സംക്രമാഭിഷേകം നടക്കും.

മുൻവർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ തീർഥാടകരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പൊലീസ് നടപടികളും ഭയന്നു മലയാളി തീർഥാടകരിൽ നല്ലൊരുഭാഗവും എത്തിയിട്ടില്ല. തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ് ജ്യോതി കാണാൻ തമ്പടിച്ചവരിൽ ഏറെയും. ശരണംവിളിച്ച് കർപ്പൂരം കത്തിച്ച് ആടിപ്പാടി നൃത്തം ചെയ്തു നീങ്ങുന്നവരും അഭിഷേകപ്രിയന് നെയ്യഭിഷേകത്തിനു തയാറെടുക്കുന്നവരും നിവേദ്യവുമായി അവലുംമലരുമായി പോകുന്നവരും ഇത്തവണ കുറവാണ്.

പാണ്ടിത്താവളം മേഖലയിലാണ് ജ്യോതി ദർശനത്തിനായി അയ്യപ്പന്മാരുടെ പർണശാലകൾ ഉയർന്നത്. വാട്ടർ ടാങ്കിനു സമീപം വനത്തിലെ അടിക്കാടുകൾ തെളിച്ചാണ് ഏറ്റവും കൂടുതൽ അയ്യപ്പന്മാർ തമ്പടിച്ചിട്ടുള്ളത്. ജ്യോതി കാണാൻവന്ന മലയാളികളിൽ ഏറെയും പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ്. കൊപ്രാക്കളത്തിനു സമീപം, മാളികപ്പുറം,ശരംകുത്തി,ശബരിപീഠം,അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളിലും അയ്യപ്പന്മാർ പർണശാലകൾ കെട്ടിത്തുടങ്ങി.

പർണശാലകൾ കെട്ടുന്നതിനുള്ള തുണികളും ടാർപോളിനുമായാണ് പലരും എത്തിയത്. ഇതില്ലാത്തവർ കാട്ടുകമ്പുകളും കാട്ടിലകളും ശേഖരിച്ചാണ് പർണശാല കെട്ടിയത്. സ്വയം ഭക്ഷണംപാകം ചെയ്താണ് ഇവർ കഴിക്കുന്നത്. അതിനായി അരിയും പലചരക്കു സാധനങ്ങളും പച്ചക്കറിയും ഭൂരിഭാഗം തീർഥാടകരും കയ്യിൽ കരുതിയിട്ടുണ്ട്.