‘മോഡൽ റേക്ക്’ തലയിൽ കെട്ടിവച്ചു; വേണാട് എക്സ്പ്രസിലെ കോച്ചുകൾ മാറ്റണമെന്ന് ആവശ്യം

കൊച്ചി∙ തിരുവനന്തപുരം– ഷൊർണൂർ വേണാട് എക്സ്പ്രസിലെ കോച്ചുകൾ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മോഡൽ റേക്ക് എന്ന പേരിൽ സാങ്കേതിക പ്രശ്നങ്ങളുളള കോച്ചുകൾ ഏറ്റവും തിരക്കുളള ട്രെയിനിലെ യാത്രക്കാരുടെ തലയിൽ കെട്ടിവച്ചിരിക്കയാണെന്നാണു പരാതി. ട്രെയിൻ നിർത്തിയിട്ട് എടുക്കുമ്പോൾ അസാധാരണമായ കുലുക്കമാണു അനുഭവപ്പെടുന്നത്. വാതിലിനു സമീപം നിൽക്കുന്നവരാണെങ്കിൽ താഴെ വീണു അപകമുണ്ടാകാൻ സാധ്യത ഏറെയാണ്. ഒാട്ടത്തിനിടയിലും വലിയ ശബ്ദത്തോടെ കുലുക്കം ഉണ്ടാകുന്നുണ്ടെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.

സീറ്റുകൾക്കു ആവശ്യത്തിനു വീതിയില്ലാത്തതാണു മറ്റൊരു പ്രശ്നം. കാൽമുട്ടുകൾ മുന്നിലുളള സീറ്റിലിടിക്കും. യാത്രക്കാർക്കു സീറ്റുകളിലേക്ക് എത്താനും ഇതു മൂലം പ്രയാസമാണ്. എസി ചെയർ കാർ കോച്ച് മാത്രമാണു പ്രശ്നമില്ലാത്തത്. സീറ്റിന്റെ മോശം ഡിസൈൻ കാരണം സ്ഥിരം യാത്രക്കാർ പലരും നടുവേദനക്കാരായി. മൂന്നു പേർക്കിരിക്കാവുന്ന സീറ്റുകളാണു വേണാടിലുളളത്. എന്നാൽ ആവശ്യത്തിനു വീതിയില്ലാത്തതിനാൽ തിങ്ങി ഞെരുങ്ങി വേണം ഇരിക്കാൻ. മൂന്നാമത്തെ യാത്രക്കാരൻ മിക്ക സമയവും ഒറ്റക്കാലിൽ ഇരിക്കണം. വണ്ണമുളള യാത്രക്കാരണെങ്കിൽ അനങ്ങാൻ പോലും കഴിയില്ല.വാതിലുകൾക്കു സമീപമുളള സീറ്റുകളിൽ ഇരിക്കുന്നവരുടെ കാലുകളിലേക്കു കതക് വന്നിടിച്ചു പരുക്കേൽക്കുന്നതും പതിവാണ്.

ഏറെ കൊട്ടിഘോഷിച്ചാണു കഴിഞ്ഞ വർഷം വേണാടിനു ദക്ഷിണ റെയിൽവേ മോഡൽ റേക്ക് അനുവദിച്ചത്. ചോദിക്കാതെ തന്നെ പുതിയ കോച്ചുകൾ നൽകിയപ്പോൾ തന്നെ യാത്രക്കാർ പന്തികേട് മണത്തിരുന്നു. അന്നത്തെ സംശയം ശരിയായിരുന്നുവെന്നു തെളിയിക്കുന്നു കോച്ചുകളുടെ ഇപ്പോഴത്തെ അവസ്ഥ. ട്രെയിനിലെ എൽഇഡി ഡിസ്‌പ്ലേകളും പ്രവർത്തിക്കുന്നില്ല. തിരുവനന്തപുരം ഡിവിഷനിലെ മോശം അറ്റകുറ്റപണിയുടെ സ്മാരകമായി മുഴുവൻ ഫാനുകളും കരിപിടിച്ചു ചിലന്തിവലകൾ നിറഞ്ഞിരിക്കയാണ്. അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ ആദ്യം ദിവസം പാൻട്രി കാറിൽ പഴം പൊരി റെഡിയായെന്നു പറഞ്ഞു കേട്ടതല്ലാതെ പിന്നീട് ഒരിക്കലും അതു ഉപയോഗിച്ചിട്ടില്ല.

പഴയ കോച്ചുകളായിരുന്നു ഇതിലും ഭേദമെന്നു യാത്രക്കാർ പറയുന്നു. കോച്ചുകളുടെ പ്രശ്നം പല തവണ റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരം കണ്ടിട്ടില്ലെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒാൺ റെയിൽ പറയുന്നു. ഈ കോച്ചുകളുടെ ഡിസൈനിലെ പോരായ്മകളാണു പ്രശ്നങ്ങളുണ്ടാക്കുന്നത്. മോഡൽ റേക്ക് പിൻവലിച്ചു വേണാടിന് ജർമ്മൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ അനുവദിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.