സിബിഐ മേധാവിയെ തിരഞ്ഞെടുക്കാനുള്ള മോദിയുടെ യോഗത്തിനു മുൻപ് 20 സ്ഥലംമാറ്റങ്ങൾ

ന്യൂഡൽഹി∙ സിബിഐയുടെ പുതിയ മേധാവിയെ തിരഞ്ഞെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നതിനു മൂന്നു ദിവസങ്ങൾക്കുമുൻപേ ഇടക്കാല മേധാവിയായ എം. നാഗേശ്വര റാവു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. തിങ്കളാഴ്ചയാണ് 20 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി റാവു ഉത്തരവിട്ടത്. വ്യാഴാഴ്ചയാണു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പുതിയ സിബിഐ മേധാവിയെ തിരഞ്ഞെടുക്കാൻ യോഗം ചേരുന്നത്.

പഞ്ചാബ് നാഷനൽ ബാങ്കിനെ തട്ടിച്ച് രാജ്യം വിട്ട നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടുണ്ട്. മുംബൈയിലെ അഴിമതി വിരുദ്ധ വിഭാഗത്തിലേക്കാണ് കേസ് അന്വേഷിച്ചിരുന്ന എസ്.കെ. നായരെ മാറ്റിയിരിക്കുന്നത്. ഇദ്ദേഹത്തിനു പകരം ചെന്നൈയിൽനിന്ന് എസ്പി റാങ്കിലുള്ള എ. ശരവണനെയാണ് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹമായിരുന്നു തമിഴ്നാട്ടിലെ സ്റ്റെർലൈറ്റ് കേസ് അന്വേഷിച്ചിരുന്നത്. 2ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന വിവേക് പ്രിയദർശിയെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തെ ചണ്ഡിഗഢിലേക്കാണ് മാറ്റിയത്.

അതേസമയം, കോടതി പ്രത്യേകമായി ആവശ്യപ്പെട്ടത് അനുസരിച്ച് അന്വേഷണം നടത്തിയിരുന്ന കേസുകളിൽ അവർതന്നെ തുടരന്വേഷണം നടത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.