നല്ല പെടയ്ക്കണ മീനുമായി നടൻ ശ്രീനിവാസൻ

ജൈവ കാർഷിക ഉൽപന്നങ്ങൾക്കു പുറമെ ശുദ്ധമായ മീൻ വിൽപനയുമായി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ കണ്ടനാട് ഉദയശ്രീ ജൈവ കാർഷിക വിപണന കേന്ദ്രം എന്ന പേരിൽ ജൈവ കാർഷിക ഉൽപന്നങ്ങളുടെ വിൽപനയ്ക്കായി ശ്രീനിവാസൻ നേരത്തേ ഷോപ്പ് തുറന്നിരുന്നു. ഇവിടെയാണു രാസവസ്തുക്കൾ ചേർക്കാത്ത മൽസ്യത്തിന്റെ വിൽപനയ്ക്കായി പുതിയ ഷോപ്. 

നടൻ സലിം കുമാർ ഉദ്ഘാടനം ചെയ്തു. ജൈവ കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ എത്തുന്നവർ പലരും ശുദ്ധമായ മൽസ്യംകൂടി വിറ്റുകൂടേ എന്നു ചോദിച്ചതിൽ നിന്നാണു പുതിയ സംരംഭത്തെക്കുറിച്ച്  ആലോചിച്ചതെന്നു ശ്രീനിവാസൻ പറഞ്ഞു. ജീവനുള്ള മൽസ്യങ്ങളും ഇവിടെ ലഭിക്കും. രാസവസ്തുക്കൾ ചേർക്കാത്ത മൽസ്യമാണ് ഇവിടെ ലഭിക്കുന്നത്. കായൽ കടൽ മത്സ്യങ്ങൾ ഇവിടെ ലഭിക്കും. കേരളം കരിമീനിന്റെ നാടെന്നാണ് അറിയപ്പെടുന്നത്, പക്ഷേ ഇപ്പോൾ ഇവിടെ കരിമീൻ വരുന്നത് ഹൈദരാബാദിൽ നിന്നുമാണ്. കണ്ടനാടും പരിസരപ്രദേശത്തു നിന്നും മത്സ്യത്തൊഴിലാളികളിൽ നിന്നും നേരിട്ടാണ് മീൻ ശേഖരിക്കുന്നത്. ഇടനിലക്കാരില്ലാത്തതു കൊണ്ട് വിലക്കുറവുമുണ്ട്.