കടപ്പത്രം നിക്ഷേപിക്കാൻ അനുയോജ്യമോ?

കമ്പനികൾക്ക് പൊതുജനങ്ങളിൽ നിന്ന് കടം വാങ്ങുന്നതിനുള്ള ഒരു മാർഗമാണ് കടപ്പത്രങ്ങൾ അഥവാ ഡിബെഞ്ചറുകൾ. പലപ്പോഴും സ്ഥിരനിക്ഷേപങ്ങളേക്കാൾ ഉയർന്ന പലിശ കടപ്പത്രങ്ങൾ നൽകാറുണ്ട്. കമ്പനികൾ കടപ്പത്രങ്ങളിറക്കുന്ന വേളയിൽ അപേക്ഷ നൽകി നിക്ഷേപിക്കാം.പിന്നീട് സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിനാൽ ഡീമാറ്റ് അക്കൗണ്ടുകൾ തുറന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിന്നു വാങ്ങുന്നതിനും കാലാവധിയെത്തും മുൻപ് വിൽക്കാനും കഴിയും.

കമ്പനിയുടെ ഓഹരികളായി മാറ്റിയെടുക്കാൻ സൗകര്യമുള്ള കടപ്പത്രങ്ങളാണ് കൺവർട്ടിബിൾ ഡിബെഞ്ചറുകൾ. ഓഹരികളാക്കി മാറ്റാനാകാത്ത, മുതലും പലിശയും ഉൾപ്പെടെ നിക്ഷേപത്തുക തിരികെ ലഭിക്കുന്നവ നോൺ കൺവർട്ടിബിൾ ഡിബെഞ്ചറുകളാണ്

ഉറപ്പ് വരുമാനം ആഗ്രഹിക്കുന്നവർക്ക് നോൺ കൺവെർട്ടിബിൾ ഡിബെഞ്ചറുകൾ(എൻസിഡി) തെരഞ്ഞെടുക്കാം. ഡിബെഞ്ചറുകളുടെ പലിശ നിരക്കിനെ 'കൂപ്പൺ നിരക്ക്' എന്നാണ് പറയുക.

പലിശ എങ്ങനെ?

ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ശരാശരി ഏഴ് ശതമാനം വാർഷിക പലിശ ലഭിക്കുമ്പോൾ നിക്ഷേപ കാലാവധി അനുസരിച്ച് ഒൻപത് മുതൽ 9.75 ശതമാനം വരെ വാർഷിക പലിശ നൽകുന്ന എൻസിഡികളുണ്ട്. മാസംതോറുമോ, മൂന്നുമാസം കൂടുമ്പോഴോ, അർധവാർഷികമായോ, വാർഷികാടിസ്ഥാനത്തിലോ പലിശ ലഭിക്കത്തക്ക രീതിയിൽ ഇവയിൽ നിക്ഷേപം നടത്താം. പലിശ പുനർനിക്ഷേപം നടത്തി കാലാവധിയെത്തുമ്പോൾ മുതലും പലിശയും കൂടി ഒന്നിച്ച് തിരികെ ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാം.

എൻസിഡികളിൽ ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് പിടിക്കില്ല. കാലാവധിവരെ നിക്ഷേപം തുടരുമ്പോൾ ലഭിക്കുന്ന പലിശ നിക്ഷേപകന്റെ വരുമാനത്തോടൊപ്പം കൂട്ടി ആദായനികുതി കണക്കാക്കുകയാണ് പതിവ്. കാലാവധിയെത്തും മുൻപ് വിറ്റ് പണമാക്കുകയാണെങ്കിൽ നിക്ഷേപത്തുകയിൽ കൂടുതൽ കിട്ടിയ തുകയ്‌ക്ക് ഒരു വർഷം കഴിഞ്ഞതാണെങ്കിൽ ക്യാപിറ്റൽ ഗെയിൻ ടാക്സ് നൽകണം.

നഷ്‌ടസാധ്യതകൾ

ബാങ്ക് സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് എൻസിഡികൾക്ക് നഷ്ടസാധ്യത കൂടുതലാണ്. മുതലും പലിശയും തിരികെ നൽകുന്നതിൽ കമ്പനികൾ വീഴ്‌ച വരുത്തിയേക്കാം. സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിലും കാലാവധിക്ക് മുൻപ് വിറ്റ് പണമാക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയുമുണ്ടാകാം.

ക്രിസിൽ, ഐ.സി.ആർ.എ., ഡി.എ.ആർ.ഇ, ഫിച്ച് റേറ്റിങ് തുടങ്ങിയ വിവിധ റേറ്റിങ് ഏജൻസികളുടെ മികച്ച റേറ്റിങ് ഉള്ള ഡിബെഞ്ചറുകൾ തെരഞ്ഞെടുക്കണം.