ഡെബിറ്റ് കാർഡിനേക്കാൾ സുരക്ഷിതം ക്രെഡിറ്റ് കാർഡുകൾ

എന്നും കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും പർചേസ് ചെയ്യുന്നവരാണ് നമ്മള്‍. ഡെബിറ്റ് കാര്‍ഡ് മാത്രമല്ല ക്രെഡിറ്റ്  കാര്‍ഡും നമ്മുടെ ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ശരിയായി മനസിലാക്കി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക്  ഇത് ഒരു ആശ്വാസമാണ്.  ഇതിന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  മതി.

അനുയോജ്യമായ കാര്‍ഡ് തിരഞ്ഞെടുക്കുക

നമ്മുടെ ബജറ്റ്, മാസം തോറുമുള്ള പണത്തിന്റെ ഉപയോഗം തുടങ്ങിയവ നോക്കി മാത്രമേ ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കാവൂ.  ബാങ്ക് തന്നെ വിവിധ തരം കാര്‍ഡുകള്‍ അവതിപ്പിച്ചിട്ടുണ്ട്. അവ എന്തെന്നു മനസിലാക്കി തെരഞ്ഞെടുത്തില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത തന്നെയുണ്ടാകും.

സുരക്ഷ

ഏതൊരാളിനെ സംബന്ധിച്ചും ഏറ്റവും ആദ്യം മനസില്‍ വരുന്നത് കാര്‍ഡ് സുരക്ഷിതമാണോ എന്നാണ്. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത ക്രെഡിറ്റ് കാര്‍ഡിന് കുറവായിരിക്കും. അതിനാല്‍ ഡെബിറ്റ് കാര്‍ഡിനേക്കാള്‍ സുരക്ഷിതമാണ്. ഇടപാടുകളെല്ലാം ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചതിനാല്‍ അപ്പോള്‍ തന്നെ ഉപഭോക്താവിന് മെസേജ് വരും.എന്നാല്‍ ഉപഭോക്താവിന്റെ കാര്‍ഡ് കളഞ്ഞുപോകുകയോ മറ്റോ ചെയ്താല്‍ അപ്പോള്‍ തന്നെ ബാങ്കിൽ അറിയിക്കുകയും കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും വേണം.

ഓഫര്‍

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഓഫറുകള്‍ ലഭിക്കാറുണ്ട്. ക്യാഷ് ബാക്ക് ഓഫര്‍ അല്ലെങ്കില്‍ സിനിമ ബുക്കിങ്, പര്‍ച്ചേസ് തുടങ്ങിയവയ്ക്ക് നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് എന്നിവ ലഭിക്കം. ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിനൊപ്പം ഇ വാലറ്റുകള്‍ കൂടി ഉപയോഗിക്കാവുന്ന ഓഫറുകളും ലഭ്യമാണ്.

റിവാര്‍ഡ് പോയിന്റുകള്‍

കാര്‍ഡിന്റെ തരവും പണത്തിന്റെ ഉപയോഗവും മുന്‍ നിര്‍ത്തി ഉപഭോക്താവിന് റിവാർഡ് പോയിന്റുകള്‍ ലഭിക്കും. (ഉദാഹരണം നാല് പോയിന്റുകള്‍ക്ക് ഒരു രൂപയുടെ മൂല്യമായിരിക്കും.)നിശ്ചിത പരിധിയില്‍ എത്തുമ്പോള്‍ ഈ റിവാര്‍ഡ് പോയിന്റുകള്‍ നമുക്ക് ചെലവാക്കാന്‍ സാധിക്കും. അതായത് ഇതുപയോഗിച്ച് ഷോപ്പിങ് നടത്താന്‍ സാധിക്കും.

കൂടാതെ  വിമാന യാത്ര നടത്തുന്നവര്‍ക്ക്  ഉപകാരപ്രദമാണ് ക്രെഡിറ്റ് കാര്‍ഡ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റിവാർഡ് പോയിന്റ് ലഭിക്കും. ഇത് നിഷ്‌കര്‍ഷിച്ചിട്ടുള്ള പരിധിയില്‍ എത്തുമ്പോള്‍, അത് ഡിജിറ്റല്‍ മണിയായി, ടിക്കറ്റ് ബുക്കിങിന് ഉപയോഗിക്കാനാകും.

ഇന്‍ഷുറന്‍സ്

ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പലതരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാണ്. മാത്രമല്ല രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ആശ്വാസകരമാണ്. വിദേശത്തേക്ക് പോകുമ്പോള്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നതിനോ, ഹോട്ടല്‍ മുറി ബുക്ക് ചെയ്യുന്നതിനോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാം. അതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുന്നത് നല്ലതാണ്.

പണം പിന്‍വലിക്കരുത്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഒരു കാരണവശാലും പണം പിന്‍വലിക്കരുത്. പണം പിന്‍വലിക്കുന്ന തീയതി മുതല്‍ വന്‍ തുക പിഴയും സേവനനിരക്കും ബാങ്കുകള്‍ ഏര്‍പ്പെടുത്തും. മാത്രമല്ല എല്ലായ്‌പ്പോഴും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആവശ്യങ്ങള്‍ നിറവേറ്റരുത്. ചില അവസരങ്ങളില്‍ വായ്പാ പലിശനിരക്ക് ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവിനേക്കാള്‍ കുറവായിരിക്കും. അത്തരം അവസരങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ വായ്പ എടുക്കുന്നതാണ് നല്ലത്.

ഒരാളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുക. എങ്കിലും ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് ഒരു തരം വായ്പയാണെന്ന് ഓര്‍ക്കുക. ഓണ്‍ലൈന്‍ വഴി ഇടപാടു നടത്തുമ്പോള്‍ വെബ്‌സൈറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.