കളത്തിനു പുറത്ത് ഓസീസിന്റെ ഫസ്റ്റ് ക്ലാസ് ‘തള്ള്’; കളത്തിൽ ഇന്ത്യയുടെ തിരിച്ചടി

കമന്ററിക്കിടെ മുൻ ഓസീസ് താരം കെറി ഒകീഫി ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ കളിയാക്കി. നിലവാരമില്ലെന്നായിരുന്നു മാർക്ക് വോയുടെ പരാമർശം. എന്നാൽ ഈ പറയുന്ന കേമം ഓസീസ് ഫസ്റ്റ് ക്ലാസിനുണ്ടോ?

∙ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് – ആഭ്യന്തര മൽസരങ്ങളെ വിശേഷിപ്പിക്കുന്നതാണ് പൊതുവേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് എന്ന പ്രയോഗം. ഗെയിമിന്റെ യഥാർഥ പരീക്ഷണ വേദിയായ ടെസ്റ്റ് മൽസരങ്ങളിൽ തിളങ്ങാൻ ഒരു ക്രിക്കറ്ററെ പ്രാപ്തനാക്കുന്ന കാരുത്തിന്റെ ഉറവിടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തന്നെ.

റയിൽവേ കാന്റീൻ ജീവനക്കാർക്കെതിരെ ട്രിപ്പിൾ സെഞ്ചുറി നേടിയാണ് അയാളുടെ വരവ്– മെൽബണിൽ അരങ്ങേറിയ ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ പരിചയപ്പെടുത്തുന്നതിനിടെ കമന്റേറ്റർ കെറി ഒകീഫി തമാശരൂപേണ പറഞ്ഞതാണ് ഈ പരാമർശം. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിനെ വിമർശിച്ചുതന്നെ ഒക്കീഫെയ്ക്കു പിന്തുണയുമായി മാർക്ക് വോയും രംഗത്തെത്തി. ആഭ്യന്തര ക്രിക്കറ്റിൽ 50 നു മേൽ ശരാശരിയിൽ ഇന്ത്യൻ താരങ്ങൾ നേടുന്ന റൺസ് ഓസ്ട്രേലിയയിലെ 40 റൺസ് ശരാശരിക്കു തുല്യമാണെന്നാണ് വോ പറഞ്ഞുവച്ചത്.

ഓപ്പണിങ്ങിൽ പരീക്ഷണത്തിനു തുനിഞ്ഞ അതിഥികളെ നോക്കി അമിതാവേശത്തോടെ പറഞ്ഞ വാക്കുകൾ ബൂമറാങ് പോലെയാകുമെന്ന് ഒകീഫിയോ ഓസ്ട്രേലിയയോ കരുതിയിരിക്കില്ല. ഒകീഫി തന്നെ ഓൺ എയർ ആയിരിക്കേ ടിവി ഇന്റർവ്യൂവിൽ രവി ശാസ്ത്രിയും ഓസ്ട്രേലിയയെ കീഴടക്കിയ ശേഷം കോഹ്‍‌ലിയും ബുമ്രയും പറഞ്ഞതു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ കുറിച്ചാണ്. കമന്ററി ബോക്സിൽ മാത്രമൊതുങ്ങുന്നതല്ല ഈ ഡൗൺ അണ്ടർ പരമ്പരയിലെ ഫസ്റ്റ് ക്ലാസ് കണക്ഷൻ. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ആഭ്യന്തര ക്രിക്കറ്റിന്റെ മാറ്റ് പരിശോധിക്കുകയാണു പരമ്പരയുടെ തുലാസ്. ഇന്ത്യയുടെ നേട്ടമായി നായകൻ എടുത്തുപറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തന്നെയാണ് ഓസീസിന്റെ തിരിച്ചടിക്കു പിന്നിലും.

ഓസീസ് അപചയം

ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന ഓസ്ട്രേലിയൻ ടെസ്റ്റ് ടീം കാരണം തേടി വേറെങ്ങും പോകേണ്ടതില്ല. ഷെഫീൽഡ് ഷീൽഡ് ഉൾപ്പെടെയുള്ള സ്വന്തം ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകൾ മാത്രം മതി കുറവ് അറിയാൻ. ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റിനു രാജ്യാന്തര ടീമുകളെക്കാൾ മികവുണ്ടായിരുന്നൊരു കാലമുണ്ടായിരുന്നു.

ജീവസുറ്റ ഓസീസ് പിച്ചുകളിൽ 50 റൺസ് ശരാശരിയോടെയാണു ബെവനും ഹസ്സിയും പോലുള്ളവർ ഷീൽഡ് മൽസരങ്ങളിൽ ബാറ്റ് വീശിയത്. ഇതുകൂടി ഓർക്കുക– ഇവരാരും ഓസ്ട്രേലിയയ്ക്കു വേണ്ടി ടെസ്റ്റ് കളിക്കാൻ ഏറെ അവസരം ലഭിച്ചവരല്ല. ലാംഗറും പോണ്ടിങ്ങും ഹെയ്ഡനും നിരക്കുന്ന ടീമിൽ ഇവർക്കാർക്കും ഇടമില്ലായിരുന്നു. ഇപ്പോഴത്തെ ടെസ്റ്റ് സംഘത്തിലെ ഉസ്മാൻ ഖവാജ മുതൽ മാർക്കസ് ഹാരിസ് വരെ നീളുന്ന ബാറ്റ്സ്മാൻമാരുടെ ഫസ്റ്റ് ക്ലാസ് സ്റ്റാറ്റ്സ് കൂടി പരിശോധിക്കുമ്പോഴേ ഓസ്ട്രേലിയൻ അപചയം തെളിയൂ.

ഇന്ത്യൻ കരുത്ത്

ലോകത്തേറ്റവും പണമൊഴുകുന്ന ട്വന്റി 20 ലീഗിനെ അതിജീവിച്ചാണ് ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിന്റെ നിലനിൽപ്പ്. ഐപിഎൽ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ മരണമണിയാകുമെന്ന് ആശങ്കപ്പെട്ടവരിൽ തലമുതിർന്ന താരങ്ങൾ പോലുമുണ്ടായിരുന്നു. പക്ഷേ ബിഗ് ബാഷിന്റെ സ്വാധീനത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു വന്ന പാളിച്ച ബിസിസിഐക്കു സംഭവിച്ചില്ല. വ്യക്തമായ ലക്ഷ്യവുമായി, പ്രായത്തിന്റെ അടിസ്ഥാനത്തിൽ ബോർഡ് നടപ്പിലാക്കിയ പദ്ധതികളുടേതാണ് ഈ വിജയം.

ജൂനിയർ തലത്തിൽ ബിസിസിഐ മുൻകൈയെടുത്ത് ഒരു ട്വന്റി 20 പോലും സംഘടിപ്പിക്കാതിരുന്നതിലുണ്ട് ആ ദീർഘവീക്ഷണം. കോടികൾ വാങ്ങി ഐപിഎല്ലിൽ തിളങ്ങിയ യുവതാരങ്ങൾ പോലും അതേ പ്രാധാന്യത്തോടെ രഞ്ജിയിലും മറ്റും കളിക്കാൻ ശ്രദ്ധിച്ചതും ടെസ്റ്റ് റാങ്കിങ്ങിൽ ഇന്നുള്ള തിളക്കത്തിനു പിന്നിലുണ്ട്. ഈ പര്യടനത്തിൽ തിളങ്ങുന്ന ബുമ്രയും പന്തും ജഡേജയുമെല്ലാം ഐപിഎല്ലിന്റെ കണ്ടെത്തലാണെന്നതും ശ്രദ്ധേയം.