സിഡ്നി ഇന്ത്യയ്ക്കൊരു ജയം സമ്മാനിച്ചിട്ട് 40 വർഷം! എന്താകും ഇത്തവണ?

സിഡ്നിയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1947 ഡിസംബറിൽ. ഇന്ത്യ ജയിച്ചത് 1978ൽ. 12 മൽസരങ്ങളിൽ 5 മൽസരങ്ങൾ സമനിലയിൽ കലാശിച്ചു. 1970കളുടെ ആരംഭത്തോടെ സ്പിന്നർമാരുടെ പറുദീസയായി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് മാറി. സിഡ്നിയിൽ അവസാന മൽസരത്തിനുള്ള ഓസ്ട്രേലിയൻ ടീമിൽ ലെഗ് സ്പിന്നർ ലബുഷെയ്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർ. അശ്വിനും ഇന്ത്യൻ നിരയിൽ ഇടംപിടിച്ചേക്കും.

1978ലെ ഏക വിജയത്തിൽ നിർണായകമായത് 2 ഇന്നിങ്സുകളിലായി 16 വിക്കറ്റുകൾ വീഴ്ത്തിയ സ്പിന്നർമാരായിരുന്ന ബിഷൻ സിങ് ബേദി, ബി.എസ്.ചന്ദ്രശേഖർ‍, എറപ്പള്ളി പ്രസന്ന എന്നിവരുടെ മിന്നും പ്രകടനം. സമനിലയിൽ കലാശിച്ച മൽസരങ്ങളിലും ശിവ്‌ലാൽ യാദവ്, അനിൽ കുംബ്ലെ, ആർ.അശ്വിൻ എന്നിവരുൾപ്പെടെയുള്ള സ്പിന്നർമാരുടെ പ്രകടനം നിർണായകമായി. അവസാനം നടന്ന 3 ടെസ്റ്റുകളെക്കുറിച്ച്. 

2008, ജനുവരി 2–6

റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയൻ ടീമിന് തുടർച്ചയായ 16–ാം ടെസ്റ്റ് വിജയം. സമനില പിടിക്കുമെന്നു കരുതിയ ഇന്ത്യ മൈക്കിൾ ക്ലാർക്കിനു മുന്നിൽ കറങ്ങിവീണു. 69–ാം ഓവറിന്റെ അവസാന 5 പന്തിൽ 3 വിക്കറ്റുകൾ. അവസാനംവരെ പിടിച്ചുനിന്ന അനിൽ കുംബ്ലെയുടെ പോരാട്ടം പാഴായി. 

സ്കോർ: ഓസ്ട്രേലിയ– 463 & 401/7 ഡിക്ലയേർഡ്, 

ഇന്ത്യ– 532 & 210 

2012, ജനുവരി 3–6

ഓസ്ട്രേലിയയിൽ ആദ്യ ടെസ്റ്റ് പരമ്പര നേട്ടത്തിന് ഇന്ത്യക്ക് ഏറ്റവും സാധ്യത കൽപ്പിച്ചിരുന്ന പര്യടനം. സിഡ്നിയിലെ രണ്ടാം മൽസരത്തിൽ ഓസീസ്പട ആ മോഹത്തിന് കത്തിവച്ചു. മൈക്കൽ ക്ലാർക്കിന്റെ ട്രിപ്പിൾ സെഞ്ചുറിയുടെ ബലത്തിൽ ഓസ്ട്രേലിയ ഇന്നിങ്സിനും 68 റൺസിനും വിജയംകണ്ടു. സച്ചിനും സേവാഗിനും ലക്ഷ്മണും ദ്രാവിഡിനും സിഡ്നിയിലെ അവസാന ടെസ്റ്റ് കണ്ണീരോർമയായി. സ്കോർ: ഇന്ത്യ– 191 & 400, ഓസ്ട്രേലിയ– 659/4 ഡിക്ലയേർഡ്.

2015, ജനുവരി 6–10

വിരാട് കോഹ്‍ലി ക്യാപ്റ്റനായ ശേഷം സിഡ്നിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച രീതിയിൽ പൊരുതി. രണ്ടാം ഇന്നിങ്സിൽ  അശ്വിൻ ഓസീസ് സ്കോറിങ്ങിന്റെ വേഗംതടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നേഥൻ ലയണിന്റെ നേതൃത്വത്തിൽ ഓസീസ് ബോളിങ് നിരയും പിടിച്ചുകെട്ടി. 

സ്കോർ: ഓസ്ട്രേലിയ– 572/7 ഡിക്ലയേർഡ് & 251/6 ഡിക്ലയേർഡ്, ഇന്ത്യ– 475 & 252/7