സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സച്ചിൻ തെൻഡുൽക്കറുടെ ആദ്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കർ അന്തരിച്ചു. 86 വയസ്സായിരുന്നു. കരിയറിൽ ഒരേയൊരു ഫസ്റ്റ് ക്ലാസ് മൽസരം മാത്രം കളിച്ചിട്ടുള്ള അച്‌രേക്കർ പിന്നീടു പരിശീകലനെന്ന നിലയിലാണു പ്രശസ്തനായത്. 1999കളുടെ അവസാനം അസുഖബാധിതനാകുന്നതുവരെ നാലു പതിറ്റാണ്ടോളം പരിശീലകനായി സേവനം ചെയ്തു. സച്ചിനിലെ ബാറ്റിങ് പ്രതിഭയെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചത് അച്‌രേക്കറാണ്.

മുംബൈ ആഭ്യന്തര ക്രിക്കറ്റിലെ പരിശീലകരിൽ അതികായനായിരുന്ന അച്‌രേക്കറിന്റെ ഒരു ഡസനോളം ശിഷ്യൻമാർ ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്. ചന്ദ്രകാന്ത് പണ്ഡിറ്റ്, വിനോദ് കാംബ്ലി, സഞ്ജയ് ബംഗാർ, ബൽവീന്ദർ സിങ് സന്ധു, ലാൽചന്ദ് രജ്പുത്ത്, സമീർ ഡിഗെ, പരസ് മാംബ്രെ, പ്രവീൺ ആംറെ, രമേഷ് പൊവാർ, അജിത് അഗാർക്കർ തുടങ്ങിയവർ അവരിൽ ചിലരാണ്.

ദാദർ ശിവാജി പാര്‍ക്കിലെ കാമത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകന്‍ കൂടിയാണ് അച്‌രേക്കർ. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം 1990ൽ ദ്രോണാചാര്യ പുരസ്കാരം നൽകി ആദരിച്ചു. ക്രിക്കറ്റ് രംഗത്തുനിന്ന് ഈ ബഹുമതി നേടുന്ന മൂന്നാമത്തെ മാത്രം വ്യക്തിയായിരുന്നു അന്ന് അദ്ദേഹം. പിന്നീട് നാലാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്‌മശ്രീയും രാജ്യം സമ്മാനിച്ചു.