റീലോഡഡ്! ; പൂജാരയ്ക്ക് ഫോം തിരിച്ചുകിട്ടിയത് എങ്ങനെ ?

പൂജാരയെ അപകടകാരിയാക്കുന്നത് ബാറ്റിങ് ശൈലിയിൽ വരുത്തിയ മാറ്റം. ക്രീസിലെ നിൽപ്പിൽ മാറ്റം വരുത്തിയ പൂജാര പിച്ചിനൊപ്പിച്ച് റൺനിരക്ക് കൂട്ടുന്നതിലും ശ്രദ്ധിച്ചു.

2014ലെ ഓസീസ് പര്യടനത്തിനിടെ മോശം ഫോമിനെത്തുടർന്നു ഇന്ത്യൻ ടീമിൽനിന്നു തഴയപ്പെട്ട ആളാണ് ചേതേശ്വർ പൂജാര. വിദേശ പിച്ചുകളിൽ നിറംമങ്ങുന്നതും സ്കോറിങ്ങിലെ മെല്ലെപ്പോക്കുമാണ് പൂജാരയ്ക്ക് അന്നു വിനയായത്. എന്നാൽ മൂന്നു സെഞ്ചുറിയോടെ ഇത്തവണത്തെ ഓസീസ് പര്യടനത്തിൽ തലയുർത്തിനിൽക്കുന്നത് ഇതേ പൂജാര തന്നെ. ‘റൺ മെഷീൻ’ വിരാട് കോഹ്‌ലിയെപ്പോലും പിന്തള്ളിയാണ് പൂജാര ഉജ്വല ഫോം തുടരുന്നത്. ബാറ്റിങ് ടെക്നിക്കിൽ വരുത്തിയ പൊടിക്കൈയാണു പൂജാരയ്ക്കു തുണയായതെന്നാണു വിഗദ്ധരുടെ പക്ഷം.

ക്രീസിൽ നിലയുറപ്പിക്കുമ്പോഴുള്ള പൂജാരയുടെ പൊസിഷനിങിലെ വ്യത്യാസത്തിൽ കഴിഞ്ഞ വർഷത്തെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനിന്റെ കണ്ണുടക്കുന്നത്. ഷോട്ടെടുക്കാൻ തയ്യാറെടുക്കുമ്പോൾ ബാറ്റിനും പാഡിനും ഇടയിൽ അൽപം സ്ഥലം വിട്ടിരുന്ന പൂജാര ഇപ്പോൾ സ്റ്റംപിനെ കൂടുതൽ മറയ്ച്ചാണു കളിക്കുന്നത്. അനാവശ്യമായ രീതിയിൽ വിക്കറ്റു നഷ്ടപ്പെടുത്തുന്നതിൽനിന്നു പൊസിഷനിങ്ങിലെ ഈ ചെറിയ മാറ്റം പൂജാരയെ തുണയ്ക്കുമെന്നാണു ഹുസൈൻ അന്നു പറഞ്ഞത്.

ഇംഗ്ലണ്ട് പര്യടനത്തിൽ പൂജാരയും ഇന്ത്യയും തോറ്റു തുന്നംപാടിയെങ്കിലും ഹുസൈന്റെ നാക്ക് പൊന്നായി; ബാറ്റിങ് പൊസിഷനിങ്ങിലെ മാറ്റത്തോടെ റീലോഡഡ് ആയെത്തിയ പൂജാര ഓസീസ് പര്യടനത്തിലെ ഇന്ത്യൻ സ്റ്റാറുമായി!  മൽസരം പുരോഗമിക്കുന്നതിനനുസരിച്ച് ബാറ്റിങ് ശൈലിയിൽ വരുത്തുന്ന മറ്റുചില മാറ്റങ്ങളും പൂജാരയെ അപകടകാരിയാക്കുന്നു. ബാറ്റിങ് ദുഷ്കരമായ മെൽബണിലെ മൂന്നാം ടെസ്റ്റിൽ പൂജാരയുടെ മുട്ടിക്കളി (319 പന്തിൽ 106) മൽസരം ഇന്ത്യയ്ക്കു നഷ്ടമാക്കുമെന്നാണു മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് അന്നു പറഞ്ഞത്.

എന്നാൽ സിഡ്നിയിലെ വരണ്ട പിച്ചിൽ അറുപതിനടുത്തു സ്ട്രൈക്ക് റേറ്റിലാണ് പൂജാര (250 പന്തിൽ 130) ഇന്നലെ ബാറ്റ് ചെയ്തത്. സ്പിന്നർമാർക്കെതിരെ പാദങ്ങൾ ചലിപ്പിച്ചു കളിക്കുന്ന പൂജാര ബൗൺസുള്ള വിക്കറ്റുകളിൽ ശരീരത്തിനോട് ചേർന്നുള്ള ഷോട്ടുകളിലൂടെയാണ് വിദേശ പിച്ചുകളിൽ പേസർമാരെ കീഴ്പ്പെടുത്തുന്നത്.