തകർത്തടിച്ച് ഋഷഭ് പന്ത് (159*), ജഡേജ (81); ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു (622/7)

സിഡ്നി∙ ഓസ്ട്രേലിയയ്ക്കു മുന്നിൽ ഇന്ത്യ കെട്ടിയുയർത്തിയ റൺമലയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ആ 2 നഷ്ടങ്ങൾ അത്ര വലുതല്ലെന്നു തോന്നും!  ചേതേശ്വർ പൂജാര അർഹിച്ചിരുന്ന ഇരട്ട സെഞ്ചുറി, ഏഴാം വിക്കറ്റിൽ ആക്രമിച്ചു കളിച്ച രവീന്ദ്ര ജഡേയ്ക്കു നഷ്ടമായ സെഞ്ചുറി..ഓസ്ട്രേലിയൻ മണ്ണിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ നേടി ഡിക്ലയർ ചെയ്ത ഇന്ത്യ ആത്മവിശ്വാസത്തിന്റെ വൻമല മുകളിലാണു നിൽപ്. 

ഓസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയിൽ 500ൽ അധികം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനാണ് ചേതേശ്വർ പൂജാര(521). രാഹുൽ ദ്രാവിഡ് (2003–04), വിരാട് കോഹ്‌ലി (2014–15) എന്നിവരാണ് ഈ നേട്ടം 

മുൻപു കൈവരിച്ചവർ. 

പൂജാര, പന്ത്, ജ‍‍ഡേജ

ഇന്നലത്തെ ഇന്ത്യൻ ഇന്നിങ്സിനെ ഈ 3 പേരുകളിലേക്കു ചുരുക്കാം– ചേതേശ്വർ പൂജാര നിർമിച്ച അടിത്തറയ്ക്കു മുകളിൽ നിന്ന് ആത്മവിശ്വാസത്തോടെ പന്തും ‍ജ‍ഡേജയും തകർത്തടിച്ചു. പൂജാര പുറത്താകും വരെ സാവധാനം നീങ്ങിയ ഇന്ത്യൻ ഇന്നിങ്സിന് പന്തും ജ‍‍‍ഡേജയും ചേർന്നു ഗതിവേഗം നൽകി. ഓസീസ് ബോളർമാരിൽ വിക്കറ്റു നേട്ടം കൊണ്ടു മെച്ചമുണ്ടാക്കിയ നേഥൻ ലയൺ (178 റൺസ് വഴങ്ങി 4 വിക്കറ്റ്) ഒഴികെ മറ്റാർക്കും പറയാനൊന്നുമില്ല. 

ഇരട്ട സെഞ്ചുറി നഷ്ടം

പൂജാര ഇന്നലെയും സാവധാനമാണു തുടങ്ങിയത്. നാലിനു 303ൽ ആരംഭിച്ച ബാറ്റിങ് ഉച്ചഭക്ഷണ സമയത്ത് അഞ്ചിനു 389. ഹനുമ വിഹാരി(42)ക്കൊപ്പം അഞ്ചാം വിക്കറ്റിൽ പൂജാര നേടിയതു 101 റൺസ് കൂട്ടുകെട്ട്. ഋഷഭ് പന്ത് കൂട്ടിനെത്തിയപ്പോഴും പൂജാര സ്കോറിങ് വേഗം കൂട്ടിയില്ല. 282 പന്തിൽ 150 കടന്ന പൂജാര കാലുറപ്പിച്ചുനിന്നപ്പോൾ ഋഷഭ് പന്ത് തകർത്തടിക്കാൻ തുടങ്ങി.

ആദ്യ മണിക്കൂറിൽ പൂജാര –വിഹാരി സഖ്യം നേടിയതു 32 റൺസ് ആയിരുന്നെങ്കിൽ രണ്ടാം മണിക്കൂറിൽ പന്ത് വന്നതോടെ അത് 54 ആയി. ഇതിനിടയ്ക്ക് പൂജാര ഏതാനും റെക്കോർഡുകളും പുതുക്കിയെഴുതി. വിദേശത്ത് ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് 153ൽ നിൽക്കെ പൂജാരയ്ക്കു സ്വന്തമായി.  നാലു കളികളിലായി 1200ൽ അധികം പന്തുകൾ നേരിട്ട് രാഹുൽ ദ്രാവിഡിന്റെ പഴയ റെക്കോർഡും പൂജാര പഴങ്കഥയാക്കി.   373 പന്തിൽ 193 ൽ നിൽക്കെ പൂജാരയെ നേഥൻ ലയൺ സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി. 

ഏഴാം വിക്കറ്റ് വെടിക്കെട്ട്

പൂജാര പോയതിനു പകരമെത്തിയ രവീന്ദ്ര ജ‍‍‍‍ഡേജയ്ക്കു മുൻപിൻ നോക്കാനുണ്ടായിരുന്നില്ല. പിന്നാലെ കളിയുടെ ഗിയർ മാറി. 149–ാം ഓവറിൽ ഇന്ത്യൻ സ്കോർ 500 കടന്നു.   137 പന്തിൽ പന്ത് സെഞ്ചുറി പിന്നിട്ടു. ഓസ്ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ  എന്ന റെക്കോർഡും പന്തിന്റെ തൊപ്പിയിൽ തൂവലായി.

221 പന്തിൽ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 200 തികച്ചു. ഓസ്ട്രേലിയയ്ക്ക് എതിരെ ഏഴാം വിക്കറ്റിൽ ഇതും ഉയർന്ന കൂട്ടുകെട്ടാണ്. സെ​ഞ്ചുറിയിലേക്കു ബാറ്റു ചെയ്ത ജഡേജയെ (81) ലയൺ ക്ലീൻ ബോൾഡാക്കിയപ്പോൾ ആദ്യ ഇന്നിങ്സിനു കർട്ടിനിടാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തീരുമാനിച്ചു– ഇന്ത്യ ഏഴിന് 622 ഡിക്ലയേഡ്. അപ്പോഴും വീര്യം ചോരാതെ ഋഷഭ് പന്ത് (159*) ക്രീസിൽ ബാക്കിയുണ്ടായിരുന്നു! 

റെക്കോർഡ് കൂട്ടുകെട്ട്

ഏഴാം വിക്കറ്റിൽ ഋഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്നു നേടിയ 204 റൺസ് കൂട്ടുകെട്ട് റെക്കോർഡ്. ഓസ്ട്രേലിയയ്ക്ക് എതിരെ ഏഴാം വിക്കറ്റിൽ ഇന്ത്യ നേടുന്ന ഉയർന്ന കൂട്ടുകെട്ടാണിത്. 221 പന്തുകളിലാണ് ഇരുവരും ഈ നേട്ടം സ്വന്തമാക്കിയത്. 2017ൽ റാ‍ഞ്ചിയിൽ പൂജാരയും വൃദ്ധിമാൻ സാഹയും ചേർന്നു നേടിയ 199 ആയിരുന്നു മുൻപത്തെ റെക്കോർഡ്.

സ്കോർബോർഡ്

ഇന്ത്യ

ഒന്നാം ഇന്നിങ്സ്

മായങ്ക് സി സ്റ്റാർക് ബി ലയൺ –77

രാഹുൽ സി മാർഷ് ബി ഹെയ്സൽവുഡ് – 9

പൂജാര സി ആൻഡ് ബി ലയൺ –193

കോഹ്‌ലി സി പെയ്ൻ ബി 

ഹെയ്സൽവുഡ് –23

രഹാനെ സി പെയ്ൻ ബി സ്റ്റാർക് –18

വിഹാരി സി ലബുഷെയ്ൻ ബി ലയൺ – 42

പന്ത് നോട്ടൗട്ട് –159

ജഡേജ ബി ലയൺ –81 

എക്സ്ട്രാസ് – 20

ആകെ – 167.2 ഓവറിൽ 7ന് 622 ഡിക്ലയേഡ്.

TOPSCORER: ചേതേശ്വർ പൂജാര– 193

വിക്കറ്റ് വീഴ്ച:  1-10, 2-126, 3-180, 4-228, 5-329, 6-418, 7-622 

ബോളിങ്: സ്റ്റാർക്: 26 –0 –123 –1  

ഹെയ്സൽവു‍ഡ്: 35–11–105– 2  

കമ്മിൻസ്: 28– 5 –101 –0 

ലയൺ: 57.2 –8 –178 –4 

ലബുഷെയ്ൻ: 16 –0 –76 –0 

ട്രാവിസ് ഹെഡ്: 4 –0 –20– 0  

ഉസ്മാൻ ഖവാജ: 1 –0 –4 –0

ഓസ്ട്രേലിയ

ഒന്നാം ഇന്നിങ്സ് 

മാർക്കസ് ഹാരിസ് നോട്ടൗട്ട് –19

ഖവാജ നോട്ടൗട്ട് –5

എക്സ്ട്രാസ് –0

ആകെ 10 ഓവറിൽ വിക്കറ്റു പോകാതെ 24

ബോളിങ്: ഷമി: 3 –0 –9– 0 

ബുമ്ര: 3 –0 –12– 0  

ജഡേജ: 2 –1 –1 –0  

കുൽദീപ്: 2 –1 –2 –0

സിഡിലും ഖവാജയും ഏകദിന ടീമിൽ

സിഡ്നി∙ 8 വർഷത്തിനുശേഷം  പേസർ പീറ്റർ സിഡിലും ഏതാണ്ടു 2 വർഷത്തെ ഇടവേളയ്ക്കു ശേഷം സീനിയർ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയും ഓസ്ട്രേലിയൻ ഏകദിന ടീമിൽ. ഇന്ത്യയ്ക്കെതിരെയുള്ള മൂന്നു മൽസരങ്ങളുടെ ഏകദിന പരമ്പരയിലും പിന്നാലെ വരുന്ന ഇംഗ്ലണ്ട് ലോകകപ്പിലും തലയുയർത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിഷ്കാരങ്ങൾ.ടീം: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഖവാജ, ഷോൺ മാർഷ്, ഹാൻഡ്സ്കോംബ്, മാക്സ്‌വെൽ, മാർകസ് സ്റ്റോയ്നിസ്, മിച്ചൽ മാർഷ്, അലക്സ് കാരി, ജൈ റിച്ചാർഡ്സൺ, ബില്ലി സ്റ്റാൻലേക്, ജയ്സൻ ബെഹ്റെൻഡോർഫ്, സിഡിൽ, ആദം സാംപ.