9 ടെസ്റ്റിനിടെ ഏഴരപ്പതിറ്റാണ്ടിന്റെ റെക്കോർഡ് തകർത്ത് പന്ത്!

ദുബായ്∙ വെറും ഒൻ‌പതു മൽസരങ്ങളുടെ ‘ചെറുപ്പ’വുമായി ബാറ്റ്സ്മാൻമാരുടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പുതുചരിത്രമെഴുതി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. പരമ്പരയിലുടനീളം തുടർന്നു വന്ന ഉജ്വല ഫോമിന് സിഡ്നിയിലെ ചരിത്ര സെഞ്ചുറിയിലൂടെ പുത്തൻ മാനം പകർന്ന ഇരുപത്തൊന്നുകാരൻ പന്ത്, ഏറ്റവും പുതിയ റാങ്കിങ്ങിൽ 21 സ്ഥാനങ്ങൾ കയറി 17–ാം സ്ഥാനത്തെത്തി. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും മികച്ച റാങ്കിങ്ങാണിത്.

മുൻപ് 17–ാം റാങ്കിലെത്തിയിട്ടുള്ള ഏക ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഫാറൂഖ് എൻജീനിയർ മാത്രം. അതും 1973ൽ! ഈ നേട്ടത്തിന് അര നൂറ്റാണ്ടു പ്രായമാകാൻ അഞ്ചു വർഷത്തിൽ താഴെ മാത്രം ശേഷിക്കെയാണ് പന്തിന്റെ സൂപ്പർ താരോദയം. അതേസമയം, റേറ്റിങ് പോയിന്റിൽ പന്ത് എൻജീനീയറെയും പിന്തള്ളി. വെറും ഒൻ‍പതു ടെസ്റ്റുകൾ കളിച്ച പന്തിന്റെ റേറ്റിങ് പോയിന്റ് 673 ആണ്. 662 റേറ്റിങ് പോയിന്റു വരെ നേടിയിട്ടുള്ള സാക്ഷാൽ എം.എസ്. ധോണിയും 619 പോയിന്റു വരെ നേടിയിട്ടുള്ള ഫാറൂഖ് എന്‍ജിനീയറും പന്തിന്റെ കുതിപ്പിൽ നിസാരരായി! ഇതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഏഴരപ്പതിറ്റാണ്ടു പിന്നിട്ട ചരിത്രത്തിൽ 650 റേറ്റിങ് പോയിന്റ് കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറുമായി പന്ത്.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുമ്പോൾ റാങ്കിങ്ങിൽ 59–ാം സ്ഥാനത്തായിരുന്നു പന്ത്. എന്നാൽ പരമ്പര തുടങ്ങിയതോട കഥ മാറി. പരമ്പരയിലുടനീളം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത പന്ത് സിഡ്നി ടെസ്റ്റിലെ സെഞ്ചുറിയോടെ (159*) പരമ്പര ആഘോഷമാക്കി. പരമ്പരയിലെ എല്ലാ ഇന്നിങ്സിലും 25 റൺസിനു മുകളിൽ സ്കോർ ചെയ്ത ഒരേയൊരു താരമായ പന്താണു പരമ്പരയിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് (350 റൺസ്). സ്റ്റംപിനു പിന്നിലെ വാചകമടിയിലൂടെ ഓസീസ് താരങ്ങളെ മാനസികമായി തളർത്തിയും പരമ്പരയിൽ  പേരെടുത്തു. പരമ്പരയിലെ സ്ട്രൈക്ക് റേറ്റ് 73.99. വിക്കറ്റ് കീപ്പിങ്ങിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന പരാതി പരിഹരിച്ച് പരമ്പരയിൽ ആകെ സ്വന്തമാക്കിയത് 20 ക്യാച്ചുകൾ! അതിനിടെ ഒട്ടേറെ റെക്കോർഡുകളും പന്തിനു മുന്നിൽ കടപുഴകി.

ഇതുവരെ ഒൻപതു ടെസ്റ്റുകൾ മാത്രം കളിച്ച പന്ത്, 15 ഇന്നിങ്സുകളിൽനിന്ന് 49.71 റൺസ് ശരാശരിയിൽ 696 റൺസാണ് നേടിയിട്ടുള്ളത്. ഇതിൽ രണ്ടു സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 40 ക്യാച്ചും രണ്ടു സ്റ്റംപിങ്ങും നടത്തി. ഇതിനിടെ ഓസീസ് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഏഷ്യയ്ക്കു പുറത്ത് രണ്ടു സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ തുടങ്ങിയ നേട്ടങ്ങളും സ്വന്തമാക്കി.

ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ വിജയത്തിനു ചുക്കാൻ പിടിച്ച ചേതേശ്വർ പൂജാര ഒരു സ്ഥാനം കയറി മൂന്നാം സ്ഥാനത്തെത്തി. പരമ്പരയിലാകെ മൂന്നു സെഞ്ചുറി ഉൾപ്പെടെ 521 റൺസ് നേടിയ പൂജാരയായിരുന്നു ടോപ് സ്കോറർ. പരമ്പരയുടെ താരമായതും പൂജാര തന്നെ. ഈ പ്രകടന മികവാണ് പൂജാരയെ മൂന്നാം സ്ഥാനത്തെത്തിച്ചത്.

922 പോയിന്റുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി നയിക്കുന്ന പട്ടികയിൽ 897 പോയിന്റുമായി ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് രണ്ടാമത്. 881 പോയിന്റുമായാണ് പൂജാര മൂന്നാം സ്ഥാനത്തെത്തിയത്. ആറു സ്ഥാനം കയറി 57–ാം സ്ഥാനത്തെത്തിയ രവീന്ദ്ര ജഡേജയും കരിയറിലെ രണ്ടാം മൽസരത്തോടെ 62–ാം സ്ഥാനത്തേക്കുയർന്ന ഓപ്പണർ മായങ്ക് അഗർവാൾ എന്നിവരാണ് ശ്രദ്ധേയ നേട്ടം കൊയ്ത മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

ഈ പരമ്പരയിലൂടെ അരങ്ങേറ്റം കുറിച്ച മാർക്കസ് ഹാരിസാണ് ഏറ്റവും നേട്ടമുണ്ടാക്കിയ ഓസീസ് താരം. 21 സ്ഥാനങ്ങൾ കയറിയ ഹാരിസ് 69–ാം റാങ്കിലാണ്. 

ബോളർമാരിൽ ഒരു സ്ഥാനം കയറി അഞ്ചാമതെത്തിയ രവീന്ദ്ര ജഡേജയാണ് ഏറ്റവും മുന്നിലുള്ളത്. അവസാന ടെസ്റ്റിൽ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും അഞ്ചു വിക്കറ്റ് നേട്ടത്തോടെ ശ്രദ്ധ കവർന്ന സ്പിന്നർ കുൽദീപ് യാദവ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 45–ാം സ്ഥാനത്തേക്കു കയറി. ജസ്പ്രീത് ബുമ്ര 16–ാം സ്ഥാനത്തു തുടരുന്ന പട്ടികയിൽ മുഹമ്മദ് ഷമി ഒരു സ്ഥാനം കയറി 22–ാം റാങ്കിലെത്തി. 

ദക്ഷിണാഫ്രിക്കയുടെ കഗീസോ റബാഡ 893 പോയിന്റഉമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബോളർമാരുടെ പട്ടികയിൽ ജയിംസ് ആൻഡേസ്ഴൻ (874), പാറ്റ് കമ്മിൻസ് (804), വെർനോൺ ഫിലാൻഡർ (804) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളിൽ. അവസാനത്തെ രണ്ടു ടെസ്റ്റുകളിൽ മാത്രം അവസരം ലഭിച്ച ജഡേജ, 794 പോയിന്റുമായാണ് അഞ്ചാം സ്ഥാനത്തെത്തിയത്.

അതേസമയം, ഓള്‍റൗണ്ടർമാരുടെ പട്ടികയിൽ ജഡേജ രണ്ടാം സ്ഥാനത്തേക്കു കയറി. 415 പോയിന്റുമായി ബംഗ്ലദേശിന്റെ ഷാക്കിബ് അൽ ഹസ്സൻ നയിക്കുന്ന പട്ടികയിൽ 387 പോയിന്റുമായാണ് ജഡേജ രണ്ടാം സ്ഥാനേത്ത് ഉയർന്നത്.