കോഹ്‍ലിപ്പടയ്ക്കു കോളടിച്ചു; ബോണസായി ലക്ഷങ്ങൾ ‘വാരിവിതറി’ ബിസിസിഐ!

ന്യൂഡൽഹി∙ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് സമ്മാനിച്ച വിരാട് കോഹ്‍ലിക്കും സംഘത്തിനും സമ്മാനപ്പെരുമഴ. നാലു ടെസ്റ്റുകള്‍ ഉൾപ്പെടുന്ന പരമ്പര 2–1നു ജയിച്ചതിനു പിന്നാലെയാണ് ബിസിസിഐ പാരിതോഷികങ്ങൾ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീമിലെ അംഗങ്ങൾക്ക് ഓരോ മൽസരത്തിനും മാച്ച് ഫീക്കു തുല്യമായ തുകയാണ് സമ്മാനമായി ലഭിക്കുക. പ്ലേയിങ് ഇലവനിലുള്ള താരങ്ങൾക്ക് 15 ലക്ഷമാണ് മാച്ച് ഫീ. ഇതിനൊപ്പം 15 ലക്ഷം രൂപ ബോണസായി അധികം ലഭിക്കും. റിസർവ് താരങ്ങൾക്ക് ഓരോ മൽസരത്തിനും 7.5 ലക്ഷം രൂപ വീതം ലഭിക്കും. നാലു മൽസരങ്ങളിലും പുറത്തിരുന്നവർക്കും 30 ലക്ഷം രൂപ വീതം ലഭിക്കുമെന്നു ചുരുക്കം.

നാലു മൽസരങ്ങളിലും കളിച്ച താരങ്ങൾക്ക് അരക്കോടിയിലധികം രൂപയാണ് ബോണസായി ലഭിക്കുക. പരിശീലകർക്ക് 25 ലക്ഷം രൂപ വീതമാണ് സമ്മാനം. ടീം സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐയുടെ സമ്മാനത്തുകയുണ്ടാകും.