കുഞ്ഞു സമൈറയെ നോക്കാൻ രോഹിത്തിനും ആളെ വേണം; പന്തിനു ‘തിരക്കേറുന്നു’!

മുംബൈ∙ ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിനിടെ ‘കുഞ്ഞുങ്ങളെ നോക്കാൻ അറിയാമോ?’ എന്ന ചോദ്യവുമായി ഇന്ത്യൻ താരം ഋഷഭ് പന്തിനെ നേരിട്ട ടിം പെയ്ൻ പോലും വിചാരിച്ചിരിക്കുമോ, ഈ ചോദ്യം ഇത്രയും ഹിറ്റാകുമെന്ന്? സംഭവമെന്തായാലും കൈവിട്ട മട്ടാണ്. ഇന്ത്യൻ ടീമിൽനിന്ന് പുറത്തായ പന്തിനെ ‘കുത്താനാണ്’ പെയ്ൻ ഈ ചോദ്യം ചോദിച്ചതെങ്കിലും കുഞ്ഞുങ്ങളെ നോക്കാൻ പന്തിനു ‘തിരക്കേറുന്നു’ എന്നതാണ് ഏറ്റവും പുതിയ വിശേഷം. ടിം പെയ്നു പിന്നാലെ ‘കുഞ്ഞിനെ നോക്കാൻ ക്ഷണിച്ച്’ രോഹിത്ത് ശർമയും രംഗത്തെത്തിയതോടെയാണിത്.

ഇന്ത്യ–ഓസ്ട്രേലിയ നാലാം ടെസ്റ്റിനു മുന്നോടിയായിട്ടാണ് രോഹിത്തിന്റെ ഭാര്യ റിഥിക പെൺകുഞ്ഞിനു ജന്മം നൽകിയത്. ഇതോടെ, നാലാം ടെസ്റ്റിൽ കളിക്കാതെ രോഹിത്ത് നാട്ടിലേക്കു മടങ്ങിയിരുന്നു. ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ടീമിനൊപ്പം ചേർന്നുകഴിഞ്ഞ രോഹിത്, പന്ത് ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘ഗുഡ് മോണിങ്’ സന്ദേശത്തിനു മറുപടിയായാണ് അദ്ദേഹത്തെ കുഞ്ഞിനെ നോക്കാൻ ക്ഷണിച്ചത്. ട്വിറ്ററിൽ രോഹിത് കുറിച്ചതിങ്ങനെ:

‘മോണിങ് ബഡ്ഡി. നിങ്ങൾ നന്നായി കുഞ്ഞുങ്ങളെ നോക്കുമെന്നു കേട്ടു. ഇപ്പോൾ അതിനായി ഒരാളെ ആവശ്യമുണ്ട്. റിഥികയ്ക്കും വലിയ ആശ്വാസമായിരിക്കും.’

പന്തിനെ ‘ട്രോളി’ക്കൊണ്ടുള്ള രോഹിത്തിന്റെ മറുപടിക്ക് 30,000ൽ അധികം ലൈക്കുകളാണ് ഇതിനകം ലഭിച്ചത്. എന്തായാലും പന്തും വെറുതെയിരുന്നില്ല. ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമല്ലാത്ത യുസ്‌വേന്ദ്ര ചാഹലിനെ ‘ട്രോളി’ പന്തു നൽകിയ മറുപടി ഇങ്ങനെ:

‘ഹഹഹാാാ... ഭായ്, യുസ്‌വേന്ദ്ര ചാഹൽ ആ പണി നന്നായി ചെയ്യുന്നില്ലേ? സമൈറയെ പരിചരിക്കാൻ സന്തോഷമേയുള്ളൂ. അഭിനന്ദിനങ്ങൾ റിഥിക.’

ഇതിനിടെ, പന്തിനെ ഈ രംഗത്തു ‘പ്രശസ്തനാക്കിയ’ ടിം പെയ്നിന്റെ ഭാര്യ ബോണി പെയ്നും കുഞ്ഞുങ്ങളെ നോക്കാൻ പന്തിനു സമയമുണ്ടോ എന്നു ചോദിച്ചു രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ, ‘കുഞ്ഞുങ്ങളെ നോക്കാൻ സമയമുണ്ടോ’ എന്നു ചോദിച്ച ടിം പെയ്നിന്റെ ഭാര്യ ബോണി പെയ്നിനും മക്കൾക്കുമൊപ്പം പന്തു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.