രഞ്ജി ട്രോഫിയിൽ കേരളം ക്വാർട്ടറിൽ; വിജയം വന്ന വഴികൾ

തിരുവനന്തപുരം∙ വ്യക്തിഗതപ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ടുപോകുകയും നിർണായകസന്ദർഭങ്ങളിൽ കാലിടറി വീഴുകും ചെയ്തിരുന്ന കേരള ക്രിക്കറ്റ് ടീമിനെ ദേശീയതലത്തിൽ മുൻനിരയിലേക്ക് എത്തിയത് എങ്ങനെ?

∙ ഡേവ് വാട്മോർ, സച്ചിൻ ബേബി

കളിക്കാർക്ക് പൂർണസ്വാതന്ത്ര്യം കൊടുക്കുകയും അവരിൽ ആത്മവിശ്വാസവും വിജയതൃഷ്ണയും കുത്തിനിറക്കുകയും ചെയ്തത് ഡേവ് വാട്ട്മോർ എന്ന ഓസ്ട്രേലിയക്കാരനാണ്. കോച്ചിനൊപ്പം മുന്നിൽ നിന്നു നയിക്കുന്ന ക്യാപ്റ്റനാണു സച്ചിൻ ബേബി. കോച്ചിനും ടീമിനും പറ്റിയ നായകൻ.

∙ ടീം തിരഞ്ഞെടുപ്പ്

ഓരോ മൽസരങ്ങൾക്കും അനുയോജ്യമായി ടീമിനെ തിരഞ്ഞെടുത്തു. വിഷ്ണു വിനോദും പി. രാഹുലും മുഹമ്മദ് അസ്ഹറുദ്ദീനുമൊക്കെ ടീമിലെത്തിയത് അങ്ങനെയാണ്. ഫോമിലില്ലാതിരുന്ന സ​ഞ്ജു സാംസണെ ടീമിൽ തന്നെ നിലനിർത്തി ആത്മവിശ്വാസമേകാനുള്ള തീരുമാനം ഹിമാചലിനെതിരായ നിർണായകകളിയിൽ ഫലം കണ്ടു.

∙ തകരാത്ത വിശ്വാസം

ടീം മീറ്റിങ്ങുകളിൽ കുറ്റപ്പെടുത്തലുകൾക്കു പകരം മുന്നിലുള്ള അവസരങ്ങളെക്കുറിച്ചാണ് ക്യാപ്റ്റനും കോച്ചും കളിക്കാർ പരസ്പരവും സംസാരിച്ചത്.

∙ പേസ് ഫാക്ടറി

ജീവനില്ലാത്ത പിച്ചിലാണു കൂടുതലും കളിച്ചതെങ്കിലും കേരളത്തിന്റെ പേസർമാർ നടത്തിയ ഉശിരൻ പ്രകടനമാണ് കേരളത്തിന്റെ കുതിപ്പിൽ നിർണായകമായത്. സന്ദീപ് വാരിയർ 31 വിക്കറ്റും ബേസിൽ തമ്പി 25 വിക്കറ്റും നേടി. 3 കളികൾ മാത്രം കളിച്ച എംഡി നിധീഷ് 11 വിക്കറ്റുകൾ സ്വന്തമാക്കി.

∙ ജലജ് സക്സേന

അതിഥിതാരങ്ങളായാൽ ഇങ്ങനെ വേണം. കഴിഞ്ഞ സീസണിന്റെ തുടർച്ചയെന്നോണം ടൂർണമെന്റിന്റെ ആദ്യപാദത്തിൽ കേരളത്തിന്റെ കുതിപ്പിന് നായകത്വം വഹിച്ചത് ജലജ് സക്സേനയാണ്. ഏഴു കളികളിൽ നിന്ന് 479 റൺസുമായി ബാറ്റിങ്ങിൽ മുന്നിലുള്ള ജലജ് 28 വിക്കറ്റുകളും സ്വന്തമാക്കി.