രഞ്ജി: ടീമുകളെത്തി; കൃഷ്ണഗിരിയിൽ ഇനി ആവേശച്ചൂട്

കൽപറ്റ ∙ വയനാടൻ തണുപ്പിനു രഞ്ജി പോരാട്ടത്തിന്റെ കനൽച്ചൂടേകി താരങ്ങളെത്തി. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ കേരളം - ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിന് ഇനി 2 നാൾ മാത്രം. ഇന്നലെ വൈകിട്ട് 4 മണിയോടെ കേരള താരങ്ങളാണ് ബെംഗളൂരുവിൽനിന്ന് വയനാട്ടിൽ ആദ്യമെത്തിയത്.

കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ഗുജറാത്ത് ടീം വയനാട്ടിലെത്തിയപ്പോൾ വൈകിട്ട് 6 മണി. യാത്രാ ക്ഷീണം കാരണം ഇരുടീമും പരിശീലനത്തിനിറങ്ങിയില്ല. ഇന്നു രാവിലെ വരെ ഹോട്ടലിൽ വിശ്രമം. ശേഷം 11 മുതൽ ഒരു മണി വരെ കേരളവും ഉച്ചയ്ക്കുശേഷം ഗുജറാത്തും നെറ്റ്സ് പരിശീലനത്തിന് ഗ്രൗണ്ടിലിറങ്ങും. ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസൺ, പാർഥിവ് പട്ടേൽ, അക്സർ പട്ടേൽ, പിയൂഷ് ചൗള എന്നിവരുടെ സാന്നിധ്യം ക്രിക്കറ്റ് പ്രേമികൾക്കു ഹരമാകും. ഗ്രൂപ്പ് മത്സരത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഇന്ന് രാവിലെയേ കൃഷ്ണഗിരിയിലെത്തുകയുള്ളൂ.

ഗ്രൂപ്പ് മത്സരത്തിന്റെ ആവേശപ്പോരിൽ ഹിമാചൽ പ്രദേശിനെ 5 വിക്കറ്റിനു തകർത്താണ് കേരളം ക്വാർട്ടറിലെത്തിയത്. 8 മൽസരങ്ങളിൽ നിന്ന് 26 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. 26 പോയിന്റുകളുള്ള ഗുജറാത്ത്, ബറോഡ ടീമുകളെ റൺറേറ്റിൽ യഥാക്രമം 5, 6 സ്ഥാനങ്ങളിലേക്ക് പിന്തള്ളി നാലാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ക്വാർട്ടർ മുന്നേറ്റം. ഇൗ സീസണിൽ 4 ജയം കുറിച്ച ഏക ടീമും കേരളം തന്നെ.