ഒന്നാം ഏകദിനത്തിൽ മിസ് ചെയ്തു, പൂജാരയെ; ഏകദിനത്തിലും ഇന്ത്യയ്ക്കു വേണ്ടേ, ആ മികവ്?

∙ ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉജ്വല ഫോമോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതുണായ ചേതേശ്വർ പൂജാരയെ ആദ്യ ഏകദിനത്തിൽ ഇന്ത്യ മിസ് ചെയ്തോ? രോഹിത്തിനൊപ്പം ഇന്നിങ്സിന്റെ അവസാന ഘട്ടം വരെയെങ്കിലും പിടിച്ചുനിൽക്കാൻ പോന്ന ഒരു താരം ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കിൽ മൽസരഫലം തന്നെ മറ്റൊന്നായേനെ. ഏകദിന ലോകകപ്പ് ഉൾപ്പെടെ വലിയ ടൂർണമെന്റുകൾ ഇന്ത്യൻ ടീമിനെ ഈ വർഷം കാത്തുനിൽക്കെ ടീമിലെ ഏറ്റവും സാങ്കേതിക്കതികവുള്ള ബാറ്റ്സ്മാൻമാരിലൊരാളായ പൂജാര ടീമിനു പുറത്തു നിൽക്കണം. തുടർച്ചയായി നിറം മങ്ങുന്ന ഇന്ത്യൻ മധ്യനിരയ്ക്ക് പൂരാജരയുടെ സാന്നിധ്യം മുതൽക്കൂട്ടാവില്ലേ?

ചേതേശ്വർ പൂജാരയെ ഇന്ത്യൻ കുപ്പായത്തിൽ കാണണമെങ്കിൽ ഇനി ഏഴു മാസമെങ്കിലും കാത്തിരിക്കണം! ഐപിഎൽ ക്രിക്കറ്റും ഏകദിന ലോകകപ്പും കഴിഞ്ഞേ ഇന്ത്യയ്ക്ക് ഇനി ടെസ്റ്റ് മൽസരങ്ങളുള്ളൂ എന്നതാണ് കാരണം. അതുവരെ, പൂജാരയ്ക്ക് ഓസ്ട്രേലിയൻ പരമ്പരയിലെ ഓർമകളുണ്ടാകും. കുടുംബത്തോടൊപ്പം സമയം  ചെലവഴിക്കാം. രഞ്ജി ക്രിക്കറ്റോ കൗണ്ടി ക്രിക്കറ്റോ കളിക്കാം. അതു പൂജാരയുടെ ഇഷ്ടം. എന്നാൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പൂജാരയെപ്പോലെ സാങ്കേതികത്തികവുള്ള ഒരു ബാറ്റ്സ്മാനെ ഇന്ത്യ മിസ് ചെയ്യുമോ..? ചോദ്യത്തിനു കാരണമുണ്ട്. 

∙ ലോകകപ്പ് ടോപ്സ്കോറർ

1999ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സൂപ്പർ സിക്സിൽ തോറ്റു മടങ്ങി. പക്ഷേ ആ ലോകകപ്പിലെ ടോപ് സ്കോറർ ഒരു ഇന്ത്യൻ താരമായിരുന്നു. കരിയറിന്റെ തുടക്കത്തിൽ ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്നു വിലയിരുത്തപ്പെട്ടിരുന്ന രാഹുൽ ദ്രാവിഡ‍്. എട്ട് കളികളിൽ നിന്നായി ദ്രാവിഡ് നേടിയത് 461 റൺസ്. രണ്ട് സെഞ്ചുറികൾ, മൂന്ന് അർധസെഞ്ചുറികൾ. ശരാശരി 65.85. ദ്രാവിഡ് മുട്ടി നിന്ന് നേടിയതായിരിക്കും അതെന്ന് വിമർശിക്കാൻ വരട്ടെ. 85.52 ആയിരുന്നു ടൂർണമെന്റിൽ ദ്രാവിഡിന്റെ സ്ട്രൈക്ക് റേറ്റ്. 

റൺവേട്ടക്കാരിൽ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള ആർക്കും അത്രയും സ്ട്രൈക്ക് റേറ്റുണ്ടായിരുന്നില്ല. അക്കൂട്ടത്തിലുണ്ടായിരുന്നവരുടെ പേരുകൾ കേൾക്കുക: സൗരവ് ഗാംഗുലി, സയീദ് അൻവർ, റിക്കി പോണ്ടിങ്, ഹെർഷലെ ഗിബ്സ്..! 

∙ ദ്രാവിഡിന്റെ ക്ലാസ്

ലിമിറ്റഡ് ഓവർ മൽസരങ്ങൾക്കു വേണ്ടി തന്റെ ശൈലി സ്വയം നവീകരിച്ചതാണ് ദ്രാവിഡിനെ ഇന്ത്യൻ ഏകദിന ടീമിലെയും പ്രധാന ബാറ്റ്സ്മാൻമാരിലൊരാളാക്കിയത്. ഏകദിന കരിയറിൽ ദ്രാവിഡ് ആകെ നേടിയ റൺസ് 10,889. ഇതിൽ 4052 റൺസ് മാത്രമാണ് ബൗണ്ടറികളിലൂടെ നേടിയെടുത്തത്. ശേഷിച്ച 6837 റൺസും സിംഗിളും ഡബിളും ട്രിപ്പിളുമായി ഓടിയെടുത്തത്. 

അതായത് ആകെ റൺസിന്റെ 62 ശതമാനം. ഒരു താരതമ്യത്തിനു വേണ്ടി സച്ചിൻ തെൻഡുൽക്കറിന്റെ കണക്കുകൾ നോക്കുക. 49 ശതമാനം റൺസ് മാത്രമാണ് 

സച്ചിൻ ഓടിയെടുത്തത്. ബൗണ്ടറികൾ നേടാനുള്ള തന്റെ പോരായ്മയെ, മറ്റൊരു ഗുണമാക്കി മാറ്റിയെടുത്തു എന്നതാണ് ദ്രാവിഡിന്റെ ക്ലാസ്– ഇടതടവില്ലാതെ സിംഗിളുകളിലൂടെ നേടി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക. സച്ചിനും ഗാംഗുലിയും ലക്ഷ്മണുമെല്ലാം അവരുടെ ഏറ്റവും മികച്ച ഇന്നിങ്സുകൾ കളിച്ചത് അപ്പുറം ദ്രാവിഡ് നിന്നപ്പോഴാണ് എന്നത് വെറുതെയാണോ..? 

∙ പൂജാരയുടെ നഷ്ടം 

ട്വന്റി20യുടെ വരവോടെ ക്രിക്കറ്റ് പ്രത്യേകിച്ച് ബാറ്റിങ് ഏറെ മാറി എന്നതു സത്യം. ബോളർമാരെപ്പോലെത്തന്നെ, പൂജാരയെപ്പോലെ സാങ്കേതികത്തികവുള്ള ബാറ്റ്സ്മാനും 

അതൊരു നഷ്ടമാണ്. പക്ഷേ ഇംഗ്ലണ്ടിലെപ്പോലെ ബോളർമാരെ പിന്തുണയ്ക്കുന്ന പിച്ചുകളിൽ മികച്ച ടീം സ്കോറിന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യലും മികച്ച പാർട്ണർഷിപ്പുകളും നിർണായകമായേക്കാം. 

ഒന്നു സങ്കൽപ്പിച്ചു നോക്കൂ; ഒരറ്റത്ത് പൂജാര ഉറച്ചു നിന്ന് സിംഗിളുകളെടുത്തു നൽകുന്നു, അപ്പുറം വിരാട് കോഹ്‌ലി അടിച്ചു തകർക്കുന്നു...

ഇന്നലെ ഓസ്ട്രേലിയയ്ക്കു മുന്നിൽ ഇന്ത്യൻ മധ്യനിര പതറിയ നേരത്ത് പൂജാരയെ ആരാധകർക്കു മിസ് ചെയ്തിട്ടുണ്ടാവും, തീർച്ച!