രഞ്ജി ക്വാർട്ടറിനൊരുങ്ങി കേരളവും ഗുജറാത്തും; ഉയരം കൂടുന്തോറും കടുപ്പമേറും!

കൃഷ്ണഗിരി (വയനാട്) ∙ രഞ്ജി ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനോടു തോറ്റാൽ കേരളത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ, അവരെ തോൽപ്പിച്ചാൽ അതു ചരിത്രമാകും! വരാനിരിക്കുന്ന ഒരുപാട് താരങ്ങൾക്ക് ആവേശം പകരുന്ന ചരിത്രം. രഞ്ജിയിലെ ആദ്യ സെമിഫൈനൽ എന്ന ചരിത്രമുഹൂർത്തത്തിലേക്കു കേരളത്തിന് ഇനി കൃഷ്ണഗിരി കടമ്പകൂടി മാത്രം. സ്വന്തം നാട്ടിൽ കാപ്പിത്തോട്ടത്തിനുള്ളിലെ ഭാഗ്യ ഗ്രൗണ്ടിലാണു കേരളത്തിന്റെ ക്വാർട്ടർ പോരാട്ടം. ഇവിടെ മു‍ൻപു നടന്ന 2 രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്.

സ്റ്റേഡിയത്തിലെ ആദ്യ ഇരട്ട സെഞ്ചുറി കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ പേരിലാണ്. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലെന്നു ശരീരഭാഷയിലൂടെ സൂചന നൽകി  ഡേവ് വാട്ട്മോറിന്റെ കുട്ടികൾ ഇന്നലെ പരിശീലനത്തിനിറങ്ങി. ഉച്ചയ്ക്കു ശേഷം ഗുജറാത്ത് ടീമും ഗ്രൗണ്ടിലെത്തി. 

പേസ് ബോളർമാരിലാണു കേരളത്തിന്റെ പ്രതീക്ഷ. ഗുജറാത്തിന്റെ കരുത്ത് ബാറ്റ്സ്മാന്മാരും. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കേരളത്തിനും അനുഭവസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ഗുജറാത്തിനും ഗുണം ചെയ്യും. ലീഡ് സ്പിന്നറില്ലാത്തതിന്റെ പോരായ്മ മറികടക്കാനുള്ള തന്ത്രങ്ങൾ ക്വാർട്ടറിൽ കേരളം പുറത്തെടുക്കും. ശക്തമായ ടീമാണെങ്കിലും ഗുജറാത്തിനെ ക്വാർട്ടറിൽ തോൽപ്പിക്കാനാകും എന്ന ആത്മവിശ്വാസത്തിലാണു കേരളം. ആദ്യറൗണ്ടിലെ 8ൽ 4ഉം ജയിച്ചാണു കേരളം ക്വാർട്ടറിലെത്തിയത്. ഗുജറാത്ത് 3 കളി ജയിച്ചു.