ഒടുവിൽ ശുഭ്മാൻ ഗിൽ വിളി കേട്ടു! ലോകകപ്പിലേക്ക് ഇന്ത്യയ്ക്കു പുത്തൻ ഊർജം

ഈ വിളി ക്രിക്കറ്റ് ലോകം പ്രതീക്ഷിച്ചതാണ്, എപ്പോൾ എന്നു മാത്രമായിരുന്നു സംശയം. ഇന്ത്യൻ ക്രിക്കറ്റിന്റെ നവതലമുറയിലെ പുതിയ ഇതിഹാസം ശുഭ്മാൻ ഗിൽ കൂടി അരങ്ങേറ്റം കുറിക്കുന്നതോടെ ലോകകപ്പ് ക്രിക്കറ്റിലേക്കു ശുഭപ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസം വർധിക്കുകയാണ്.

മൊഹീന്ദർ അമർനാഥിൽ തുടങ്ങി നവ്ജ്യോത് സിദ്ദുവിലൂടെ യുവരാജ് സിങ്ങിലെത്തിയ പഞ്ചാബിക്കരുത്തിന്റെ അടയാളങ്ങളുള്ള പുതിയ താരോദയമാണു ഗിൽ. വിരാട് കോഹ്‌ലി, ജോ റൂട്, അലസ്റ്റയർ കുക്ക് തുടങ്ങിയ പ്രതിഭാധനരുടെ നിരയിൽ ഷോട്ടുകൾ കളിക്കുന്ന കൗമാരക്കാരൻ ഇന്ത്യയുടെ ഭാവിതാരമാണ്. പഞ്ചാബുകാരനായ യുവരാജ് സിങ്ങും ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കും മുൻപേ ഗില്ലിനെക്കുറിച്ചു പ്രവചിച്ചതുമാണ്. ദീർഘകാലത്തേക്ക് ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ തക്ക കഴിവും ടെക്നിക്കുകളും കൈവശമുള്ള കളിക്കാരൻ എന്നാണു ഗില്ലിനെക്കുറിച്ച് യുവരാജ് പ്രതികരിച്ചത്.

പഞ്ചാബിലെ കർഷക ഗ്രാമമായ ഫസിൽക്കയിൽ ജനിച്ച ശുഭ്മാന്റെ കുടുംബം പിന്നീടു മകന്റെ ക്രിക്കറ്റ് പരിശീലനത്തിനു വേണ്ടി മൊഹാലിയിലേക്കു താമസം മാറ്റുകയായിരുന്നു. ആക്രമണോൽസുക ഷോട്ടുകളും ട്രേഡ് മാർക്ക് ഷോട്ടുകളും വഴി കാണികളെ ഹരംകൊള്ളിക്കാനും ടീമിനെ ജയിപ്പിക്കാനും വേണ്ടതെല്ലാം ഗില്ലിന്റെ പക്കലുണ്ട്. കളി തുടങ്ങേണ്ട താമസം മാത്രം!

കഴിഞ്ഞ വർഷം ന്യൂസീലൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിലാണു ഗിൽ വരവ് അറിയിച്ചത്. ടോപ് ഓർഡറിൽ മികച്ച റൺവേട്ടയ്ക്കുള്ള മിടുക്കാണു ഗില്ലിനെ ശ്രദ്ധേയനാക്കുന്നത്. അണ്ടർ 19 ലോകകപ്പിൽ 104.5 ശരാശരിയിൽ ഗിൽ നേടിയതു 418 റൺസാണ്. സെമിയിൽ പാക്കിസ്ഥാനെതിരെ നേടിയ 102 നോട്ടൗട്ട് പ്രകടനം മുൻഗാമികളായ സച്ചിന്റെയും ഗാംഗുലിയുടെയും ദ്രാവിഡിന്റെയും ലക്ഷ്മണിന്റെയുമെല്ലാം പ്രശസയ്ക്കു കാരണമാവുകയും ചെയ്തു.

ശുഭ്മാൻ ഗിൽ സംസാരിക്കുന്നു:

ന്യൂസീലൻഡിൽ കളിക്കാൻ വിളിച്ചതു വലിയ ഭാഗ്യമാണ്. എ ടീമിനൊപ്പം ന്യൂസീലൻഡ് പര്യടനം കഴിഞ്ഞ് എത്തിയതേയുള്ളൂ. അണ്ടർ 19 ലോകകപ്പും ന്യൂസീലൻഡിലായിരുന്നു. അതുകൊണ്ടു തന്നെ ടെക്നിക്കുകളിൽ കാര്യമായ മാറ്റം വേണ്ടി വരില്ലെന്നാണു വിശ്വാസം. ഇന്ത്യൻ സീനിയർ ടീമിനു വേണ്ടി കളിക്കുമ്പോഴത്തെ സമ്മർദ്ദത്തെ മാത്രം ഞാൻ നേരിട്ടാൽ മതി. അതിനു മാനസികമായി ഞാനൊരുക്കമാണ്. ടീമിലെടുത്ത വിവരം അറിഞ്ഞ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല.