തിരിച്ചടിച്ച് വാരിയർ, ബേസിൽ തമ്പി; ഗുജറാത്ത് ആദ്യദിനം നാലിന് 97 റൺസ്

∙ കേരളം– ഗുജറാത്ത് രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന്റെ ആദ്യദിനം ആഞ്ഞുവീശിയത്  പേസ് കൊടുങ്കാറ്റ്. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയച്ചു.  185 റൺസിനു കേരളം  പുറത്തായി. ഒന്നാം ദിനം കളിനിർത്തുമ്പോൾ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിലാണ്. ബാറ്റിങ്ങിനിടെ സഞ്ജു സാംസൺ കൈയ്ക്കു പരുക്കേറ്റു കളം വിട്ടതു കേരളത്തിനു പ്രതിസന്ധിയായി. ഗുജറാത്തിന് ആദ്യ ഇന്നിങ്സ് ലീഡ് നൽകാതിരിക്കുകയാണ് കേരളത്തിന്റെ പ്രഥമ ലക്ഷ്യം. 

കൃഷ്ണഗിരി (വയനാട്) ∙ ബാറ്റ്സ്മാന്മാരെ ക്രീസിൽ വരിഞ്ഞുമുറുക്കി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിന്റെ ആദ്യദിനം പേസർമാർക്കു സ്വന്തം. തുടക്കത്തിൽ പേസർമാരെ തുണയ്ക്കുമെങ്കിലും ഉച്ചയ്ക്കു ശേഷം റണ്ണൊഴുകുമെന്നു പ്രവചിക്കപ്പെട്ട പിച്ചിൽ ബാറ്റ്സ്മാൻമാർ കടപുഴകി.  കളി അവസാനിമ്പോൾ  10 റൺസോടെ റുജുൽ ഭട്ടും 12 റൺസുമായി ധ്രുവ് റാവലും ക്രീസിൽ. കേരളത്തിനു വേണ്ടി സന്ദീപ് വാരിയരും ബേസിൽ തമ്പിയും 2 വിക്കറ്റ് വീതം വീഴ്ത്തി. 

കൃഷ്ണഗിരിയിലെ പുല്ലുനിറഞ്ഞ പിച്ച് ബാറ്റ്സമാന്മാർക്കു പുല്ലുവിലയാണു നൽകിയത്. ഒരു ഘട്ടത്തിൽ കേരളം 4 വിക്കറ്റിന് 52 റൺസ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. 

സി.ടി. ഗജ നേടിയ 4 വിക്കറ്റുകളുൾപ്പെടെ കേരളത്തിന്റെ 9 വിക്കറ്റുകൾ വീഴ്ത്തിയതും പേസർമാർ. കളിയുടെ ആറാം ഓവറിൽ 29 എന്ന സ്കോറിൽ കേരളമെത്തിയപ്പോൾ മുഹമ്മദ് അസ്ഹറുദ്ദീനെ(17) ക്ലീൻ ബൗൾഡാക്കി കലേരിയ ആദ്യ വിക്കറ്റ് വീഴ്ത്തി. സ്കോർ 52ൽ നിൽക്കുമ്പോൾ കേരളത്തിന്റെ 3 വിക്കറ്റുകൾ അടുപ്പിച്ചു വീണു. പി. രാഹുൽ(26), സിജോമോൻ ജോസഫ്98), ക്യാപ്റ്റൻ സച്ചിൻ ബേബി(0) എന്നിവരാണ് പുറത്തായത്.  

സഞ്ജു സാംസൺ– വിനൂപ് മനോഹരൻ സഖ്യം അടിച്ചു മുന്നേറാൻ തുടങ്ങി. എന്നാൽ 24 പന്തിൽ 25 റൺസ് നേടിയ വിനൂപിനെ ഗജയുടെ പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ പിടിച്ചു. കേരളത്തിന്റെ സ്കോർ 5–98. 

പിന്നീട് സഞ്ജു സാംസൺ(17) കൈയ്ക്കു പരുക്കേറ്റു കളം വിട്ടു.  കഴിഞ്ഞ കളിയിലെ പരുക്ക് ഭേദമായി കളിക്കാനിറങ്ങിയ ജലജ് സക്സേനയ്ക്കു(14) പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. വാലറ്റത്ത് 37 റൺസെടുത്ത ബേസിൽ തമ്പിയാണു കേരളത്തിന്റെ ടോപ്സ്കോറർ.