അതിവേഗം, ബഹുദൂരം; ഇന്ത്യയ്ക്ക് ബുമ്ര–ഇഷാന്ത്–ഷമി, കേരളത്തിന് സന്ദീപ്–ബേസിൽ–നിധീഷ്!

തിരുവനന്തപുരം∙ ദേശീയ ക്രിക്കറ്റിലെ പേസ് ഫാക്ടറിയായി കേരളം മാറുന്നു. ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച പേസ് ആക്രമണം കേരളത്തിന്റെതാണെന്നതിനു കണക്കുകളും മൽസരഫലങ്ങളും തെളിവ്. ഓസ്ട്രേലിയയിൽ ചരിത്രവിജയത്തിനു വഴിയൊരുക്കിയ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇഷാന്ത് ശർമയുമടങ്ങുന്ന ഇന്ത്യൻ പേസ് ബോളിങ് ത്രയത്തിന്റെ കേരള പതിപ്പായായി സന്ദീപ് വാരിയരും ബേസിൽ തമ്പിയും എം.ഡി. നിധീഷും അരങ്ങുവാഴുന്നു.

പേസ് ബോളിങ് മികവു കൊണ്ട് കേരളം ചരിത്രനേട്ടത്തിലേയ്ക്കു കുതിക്കുമെന്ന് അടുത്തകാലം വരെ ക്രിക്കറ്റ് വിദഗ്ധരോ ആരാധകരോ പ്രതീക്ഷിച്ചിരുന്നില്ല. സ്പിന്നർമാരുടെ മികവിലായിരുന്നു എക്കാലവും കേരളത്തിന്റെ കുതിപ്പ്. രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിയ കഴിഞ്ഞ വർഷത്തെ കേരള ബോളിങ് നിരയുടെ കണക്കുകൾ പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും.

സ്പിന്നർമാരായ ജലജ് സക്സേന (44 വിക്കറ്റ്) കെ.സി.അക്ഷയ് (22), സിജോമോൻ ജോസഫ് (19) എന്നിവരാണ് കേരളത്തിനു വേണ്ടി വിക്കറ്റുകൾ വീഴ്ത്തിയത്. എം.ഡി.നിധീഷും (14 വിക്കറ്റ്), ബേസിൽ തമ്പിയും (9 വിക്കറ്റ്), സന്ദീപ് വാരിയരും (9 വിക്കറ്റ്) അവർക്കു പിന്തുണ നൽകിയെന്നു മാത്രം. പല കളികളിലും അവസരം പോലും ലഭിച്ചില്ല. ഇത്തവണ സ്പിന്നർമാരുടെ റോൾ പേസർമാർ ഏറ്റെടുത്തു. മൂന്നു പേസർമാർ ചേർന്നു നേടിയത് 86 വിക്കറ്റുകൾ. അഞ്ചു സ്പിന്നർമാർ ചേർന്നു വീഴ്ത്തിയത് 52 വിക്കറ്റുകൾ. ബിസിസിഐയുടെ ഇടപെടലിലൂടെ പിച്ചുകളുടെ സ്വഭാവം മാറിയതും പേസർമാർക്കു തുണയായി.

∙ തീപ്പൊരി

കോച്ച് ഡേവ് വാട്മോറിന്റെ നേതൃത്വത്തി‍ലാണ് പേസർമാർ ആയുധങ്ങൾക്കു മൂർച്ച കൂട്ടിയത്. ബോളിങ് സമീപനത്തിലാകെ മാറ്റം വന്നു. പണ്ടില്ലാതിരുന്ന ‘കില്ലർ ഇൻസ്റ്റിങ്റ്റ്’ ചേർത്താണ് ഓരോ പന്തും തൊടുക്കുന്നത്. ആത്മവിശ്വാസം കൂടി. ഏതു ടീമും പേടിക്കുന്ന തീതുപ്പുന്ന പന്തുകളുണ്ട് അവരുടെ ആവനാഴിയിൽ. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് മൂന്നുപേരും നടത്തുന്നത്. തുടക്കത്തിൽ തന്നെ നിർണായക വിക്കറ്റുകൾ വീഴ്ത്താനും എതിരാളികളെ സമ്മർദത്തിലാക്കാനും പേസർമാർക്കു കഴിയുന്നു.

∙ ലക്ഷ്യം പുറകിൽ

രഞ്ജി ട്രോഫിയിലെ ആദ്യമൽസരത്തിനിറങ്ങും മുൻപ് ബേസിൽ തമ്പി പറഞ്ഞു – 25 വിക്കറ്റ് ആണ് ഈ സീസണിലെ ലക്ഷ്യം. കേരളത്തിൽ നിന്നുള്ള ഒരു പേസറെ സംബന്ധിച്ചിടത്തോളം അത് അതിമോഹമാണെന്നേ ആരും കരുതൂ. പക്ഷേ, ബേസിലും സന്ദീപും ആ ലക്ഷ്യം മറികടന്നിരിക്കുന്നു. നിധീഷ് നാലു കളികൾ മാത്രമേ കളിച്ചിട്ടുള്ളൂ. ബോളിങ് ശരാശരിയിൽ സന്ദീപും (18.33) ബേസിലും (22.42) ദേശീയതലത്തിൽ തന്നെ മുന്നിലാണ്. മണിക്കൂറിൽ 140 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ പന്തെറിയുന്ന പേസ് ത്രയം ഇപ്പോൾ കേരളത്തിനു മാത്രമേ അവകാശപ്പെടാനുള്ളൂവെന്ന് മുൻ പേസർ ടിനു യോഹന്നാൻ ചൂണ്ടിക്കാട്ടുന്നു.

മണിക്കൂറിൽ 145 കിലോമീറ്ററിൽ പന്തെറിയുന്ന കെ.എം. ആസിഫും അണ്ടർ 23യിൽ മിന്നുന്ന പ്രകടനം നടത്തിയ എൻ.പി. ബേസിലും ടീമിനു പുറത്തു കാത്തുനിൽക്കുകയാണെന്നു കൂടി ഓർക്കണം. സെമിയിലും മികവു തുടർന്നാൽ കേരളത്തിന്റെ പേസർമാർക്ക് ഇന്ത്യൻ ടീം ഉൾപ്പെടെയുള്ള സ്വപ്നങ്ങളിലേയ്ക്ക് അധികദൂരം പോകേണ്ടിവരില്ല.

∙ കഴിഞ്ഞ രണ്ടു സീസണിൽ പേസ് ത്രയത്തിന്റെ പ്രകടനം (വർഷം, കളി, വിക്കറ്റ്)

സന്ദീപ് വാരിയർ

2017–18: 5 – 9
2018–19: 9 – 39

ബേസിൽ തമ്പി

2017–18: 4 - 9
2018–19: 9 - 33

എം.ഡി.നിധീഷ്

2017–18: 6 - 14
2018–19: 4 - 14