വിമർശകർക്ക് എന്തും പറയാം, ധോണിയോളം പ്രതിബദ്ധതയുള്ള താരം വേറെയില്ല: കോഹ്‍ലി

മെൽബൺ∙ ഇന്ത്യൻ ക്രിക്കറ്റിനോട് മഹേന്ദ്രസിങ് ധോണിയോളം പ്രതിബദ്ധതയും ആത്മാർഥതയും പുലർത്തുന്ന താരങ്ങൾ വേറെയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ബാറ്റിങ്ങിൽ അഞ്ചാം നമ്പർ സ്ഥാനമാണ് ധോണിക്ക് ഏറ്റവും യോജിച്ചതെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ധോണി തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ സാഹചര്യത്തിലാണ് കോഹ്‍ലി നിലപാട് വ്യക്തമാക്കിയത്.

‘ഇന്ത്യൻ ക്രിക്കറ്റിനോട് മഹേന്ദ്ര സിങ് ധോണിയോളം പ്രതിബദ്ധതയുള്ള മറ്റൊരു കളിക്കാരനില്ല. ബാറ്റിങ്ങിൽ അഞ്ചാമനായി ഇറങ്ങുന്നതാണ് അദ്ദേഹത്തിന് ഏറ്റവും യോജ്യം. ധോണി മികച്ച ഫോമിലേക്കു മടങ്ങിയെത്തിയതിൽ ടീം ഏറെ സന്തോഷിക്കുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അധികം മൽസരം കളിക്കാത്ത സാഹചര്യത്തിൽ താളവും ആത്മവിശ്വാസവും വീണ്ടെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.’

‘പുറത്ത് പലതും സംഭവിക്കും. വിമർശകർ പലതും പറഞ്ഞുകൊണ്ടിരിക്കും. എങ്കിലും വ്യക്തിയെന്ന നിലയിൽ ധോണിയോളം ഇന്ത്യൻ ക്രിക്കറ്റിനോടു പ്രതിബദ്ധത പുലർത്തുന്ന വേറൊരു താരമില്ലെന്ന് ഉറപ്പിച്ചു പറയാം. ഏറെ ബുദ്ധിമാനായ ക്രിക്കറ്റ് കളിക്കാരനാണദ്ദേഹം. ടീം തന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്തെന്ന് നന്നായറിയാവുന്നയാൾ. അദ്ദേഹത്തിന് ടീമിന്റെ മുഴുവൻ പൂർണ പിന്തുണയുമുണ്ട്.’

2016ൽ ധോണി കുറച്ചുകാലം നാലാം നമ്പർ സ്ഥാനത്തു ബാറ്റു ചെയ്തിരുന്നു. അതിനുശേഷം ടീമിനുവേണ്ടി അഞ്ചാമതോ ആറാമതോ ബാറ്റിങ്ങിന് ഇറങ്ങുന്നതിൽ ധോണി ഒരു മടിയും കാട്ടിയിട്ടില്ല. അഡ്‌ലെയ്ഡിലും മെൽബണിലും ധോണി ബാറ്റു ചെയ്തത് കണ്ടാലറിയാം, ഇതാണ് അദ്ദേഹത്തിന് ഏറ്റവും യോജിച്ച സ്ഥാനം. സമയമെടുത്ത് നിലയുറപ്പിക്കാനും ആക്രമണോത്സുക ബാറ്റിങ്ങിലൂടെ മൽസരം ഫിനിഷ് ചെയ്യാനും.’

‘പ്രവചനാതീതം എന്നതാണ് ഈ വർഷത്തെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ കരുത്ത്. മുൻപുള്ള ടീമുകളിൽ ഓരോരുത്തർക്കും കൃത്യമായ സ്ഥാനമുണ്ടായിരുന്നു. മൂന്നാം നമ്പറിൽ ആര്, നാലാം നമ്പറിൽ ആര് എന്നിങ്ങനെ. ഈ ടീമിൽ സാഹചര്യമനുസരിച്ച് വേണ്ട മാറ്റങ്ങളുണ്ടാവും. ഏതു സ്ഥാനത്തിറങ്ങുന്നയാളും ഉത്തരവാദിത്തം കൃത്യമായി നിർ‍വഹിക്കാൻ പ്രാപ്തനാണ്.’

‘മെൽബണിൽ ഒരു സ്പിന്നർ 6 വിക്കറ്റെടുക്കുക മഹത്തായ കാര്യമാണ്. ചാഹൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും യോജിച്ച സ്പിൻ കൂട്ടുകെട്ട് ചാഹൽ – യാദവ് ആയിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളിൽ മികവു കാട്ടാനാവുന്നവരാണെന്ന് അവർ തെളിയിച്ചു.’

‘ടീമിന്റെ വിജയമാണിത്. ഈ നല്ല ടീം ആണ് എന്നെ മികച്ച ക്യാപ്റ്റനാക്കിയത്. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ എല്ലാവരും വിജയത്തിനായി അത്യധ്വാനം ചെയ്തതിന്റെ ഫലമാണിത്. വ്യക്തികളുടെയല്ല, ടീമിന്റെ വിജയം.’ – കോഹ്‍ലി പറഞ്ഞു.