ഉമേഷ് യാദവ്, വസിം ജാഫർ തുടങ്ങിയവരുമായി വിദർഭയെത്തുന്നു; രഞ്ജി സെമി 24 മുതൽ

 കൃഷ്ണഗിരി (വയനാട്)∙ രഞ്ജി ട്രോഫി സെമി ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയെ നേരിടാനുള്ള പാഠങ്ങളുമായി കേരള ടീം പരിശീലനം തുടങ്ങി. ഇന്നലെ വൈകിട്ട് 3 മണിയോടെ കോച്ച് ഡേവ് വാട്മോറിന്റെ കീഴിൽ പരിശീലനത്തിനെത്തിയ ടീം 2 മണിക്കൂർ നെറ്റ്സിൽ ചെലവഴിച്ചു. പരുക്കേറ്റ സഞ്ജു സാംസൺ ക്വാർട്ടർ മൽസരത്തിനു ശേഷം നാട്ടിലേക്കു പോയിരുന്നു. നായകൻ സച്ചിൻ ബേബിയടക്കമുള്ള മറ്റു താരങ്ങളെല്ലാം ഇന്നലെ കൃഷ്ണഗിരിയിൽ പരിശീലനത്തിനിറങ്ങി. 

ഇന്നു രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങുന്ന വിദർഭ ടീം വൈകിട്ട് വയനാട്ടിലെത്തും. ഗ്രൗണ്ടിൽ വരുമെങ്കിലും ഇന്ന് വിദർഭക്കാർ പരിശീലനത്തിനിറങ്ങാനുള്ള സാധ്യത കുറവാണെന്ന് സംഘാടകർ പറയുന്നു. ബിസിസിഐ ക്യൂറേറ്റർ ആശിഷ് കെ. ഭൗമികിന്റെ നേതൃത്വത്തിൽ സെമിഫൈനലിനുള്ള പിച്ചിന്റെ നിർമാണം പുരോഗമിക്കുകയാണ്. ക്വാർട്ടർ ഫൈനലിനൊരുക്കിയ പിച്ച് പേസ് ബോളർമാർക്കു നിർലോഭ പിന്തുണയാണു നൽകിയത്. 

   തോൽവിക്കു ശേഷം ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ, നോക്ക് ഔട്ട് മൽസരമായതിനാൽ ഫലം ഉറപ്പുവരുത്തുന്ന പിച്ച് നിർമിക്കണമെന്ന നിർബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അധികൃതർ പറയുന്നു. ‌‌