പറക്കും ക്യാച്ചുമായി പാണ്ഡ്യ; കണ്ണുതള്ളി ആരാധകർ – വിഡിയോ

മൗണ്ട് മോൻഗനൂയി∙ ടെലിവിഷൻ ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ പുലിവാലു പിടിച്ച് ഒരു വിഭാഗം ആരാധകരുടെ കണ്ണിലെ കരടായി മാറിയ ഹാർദിക് പാണ്ഡ്യ, ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലൂടെ വീണ്ടും ടീമിൽ. ടീമിൽ തിരിച്ചെത്തിയെന്നു മാത്രമല്ല, ഉഗ്രനൊരു ഡൈവിങ് ക്യാച്ചിലൂടെ താരം വരവറിയിക്കുകയും ചെയ്തു. നിലയുറപ്പിച്ചു വന്ന ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ പുറത്താക്കാൻ മിഡ് വിക്കറ്റിൽ പാണ്ഡ്യയെടുത്ത പറക്കും ക്യാച്ച് ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു. ബോളിങ്ങിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞ താരം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് കരുത്തു പകർന്നാണ് തിരികെയെത്തിയിരിക്കുന്നത്.

കൈക്കുഴയ്ക്കേറ്റ പരുക്കുമൂലം മഹേന്ദ്രസിങ് ധോണി കളിക്കുന്നില്ലെന്ന സങ്കടത്തിനിടെയാണ് പാണ്ഡ്യയുടെ ടീമിലേക്കുള്ള തിരിച്ചുവരവ്. വഴിമാറിക്കൊടുക്കേണ്ടി വന്നത് പാണ്ഡ്യയ്ക്ക് പകരക്കാരനായി ടീമിനൊപ്പം ചേർന്ന യുവ ഓൾറൗണ്ടർ വിജയ് ശങ്കർ.  തിരിച്ചുവന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ തന്നെ കളത്തിൽ പാണ്ഡ്യ പുറത്തെടുത്തത്.

യുസ്‌വേന്ദ്ര ചാഹൽ എറിഞ്ഞ 17–ാം ഓവറിലാണ് ആരാധകരെ രോമാഞ്ചം കൊള്ളിച്ച ക്യാച്ചുമായി പാണ്ഡ്യ അവതരിച്ചത്. ഓപ്പണർമാരെ നഷ്ടമായശേഷം പതിവുപോലെ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ക്യാപ്റ്റൻ വില്യംസൻ. 47 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസുമായി റോസ് ടെയ്‌ലറിനൊപ്പം ടീമിനെ കരകയറ്റാനായിരുന്നു ശ്രമം. എന്നാൽ, 17–ാം ഓവറിലെ രണ്ടാം പന്തിൽ വില്യംസനു പിഴച്ചു. ചാഹലിന്റെ പന്ത് മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിലേക്ക് ഹാർദിക് പാണ്ഡ്യയുടെ മിന്നൽ ഡൈവിങ്. കണ്ണടച്ചു തുറക്കുന്നതിനു മുൻപേ പന്ത് പാണ്ഡ്യയുടെ കൈകളിൽ! തീർത്തും അവിശ്വസനീയമായ ക്യാച്ച്!